രാഹുലിന് അനുകൂലമായി മൊഴി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് വനിത നേതാവിനെ തിരഞ്ഞ് കോണ്‍ഗ്രസ്

രാഹുലിന് എതിരായ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമായി നടപ്പാക്കുന്നതാണെന്നായിരുന്നു ജീന സജി തോമസിന്റെ വാദം. ഇതില്‍ വി. ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പങ്ക് അന്വേഷിക്കണമെന്നാണ് പരാതിക്കാരി ആവശ്യപ്പെടുന്നത്.തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് എത്തിയായിരുന്നു വനിതാ നേതാവ് മൊഴി നല്‍കിയത്.

author-image
Biju
New Update
rahul

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് അനുകൂലമായി മൊഴി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് വനിത നേതാവിനെ തിരഞ്ഞ് കോണ്‍ഗ്രസ് അണികള്‍. ജീന സജി തോമസ് ആരാണെന്ന് കണ്ടെത്താന്‍ ഇതുവരെ ആയിട്ടില്ല. രാഹുലിനെ കുടുക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഗൂഢാലോചന നടത്തിയെന്നായിരുന്നു ഇന്നലെ ജീന ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി. ഈ പശ്ചാത്തലത്തിലാണ് ജീന ആരെന്ന് തേടിയുള്ള അണികളുടെ അന്വേഷണം. അതേസമയം സംഘടനയുമായി ജീനയ്ക്ക് ബന്ധമില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ വാദം.

രാഹുലിന് എതിരായ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമായി നടപ്പാക്കുന്നതാണെന്നായിരുന്നു ജീന സജി തോമസിന്റെ വാദം. ഇതില്‍ വി. ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പങ്ക് അന്വേഷിക്കണമെന്നാണ് പരാതിക്കാരി ആവശ്യപ്പെടുന്നത്.തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് എത്തിയായിരുന്നു വനിതാ നേതാവ് മൊഴി നല്‍കിയത്.

അതേസമയം ലൈംഗിക ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ അനിശ്ചിതത്വത്തിലാണ്. എംഎല്‍എയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച യുവതികളില്‍ ഒരാള്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും നിയമ നടപടിയുമായി മുന്നോട്ടു പോകാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. തെളിവുകളായി കൈവശമുള്ള വാട്‌സ്ആപ്പ് സ്‌ക്രീന്‍ഷോട്ടുകള്‍ ഇവര്‍ അന്വേഷണ സംഘത്തിന് കൈമാറി. ഇവരെ പരാതിക്കാരിയാക്കാന്‍ കഴിയുമോ എന്നതില്‍ നിയമോപദേശം തേടിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്.

എന്നാല്‍ ഗര്‍ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം ഉന്നയിച്ച യുവതി ഇതുവരെ രാഹുലിനെതിരെ പരാതി നല്‍കിയിട്ടില്ല. യുവതിയുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ സംസാരിച്ചെങ്കിലും നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാര്‍ മൊഴി നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ കേസന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശയക്കുഴപ്പത്തിലാണ് അന്വേഷണ സംഘം.