മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; കുടുംബജീവിതം തകര്‍ത്തെന്ന് അതീജീവിതയുടെ മുന്‍പങ്കാളി

തന്റെ കുടുംബജീവിതം രാഹുല്‍ മാങ്കൂട്ടത്തില്‍ തകര്‍ത്തെന്നും സ്വകാര്യജീവിതമടക്കം പൊതുമധ്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടെന്നും പരാതിയില്‍ പറയുന്നു

author-image
Biju
New Update
rahul

തിരുവനന്തപുരം : ലൈംഗിക പീഡനം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി. രാഹുലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ അതിജീവിതയുടെ മുന്‍പങ്കാളിയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. തന്റെ കുടുംബജീവിതം രാഹുല്‍ മാങ്കൂട്ടത്തില്‍ തകര്‍ത്തെന്നും സ്വകാര്യജീവിതമടക്കം പൊതുമധ്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പരിഹരിക്കുവാന്‍ വേണ്ടിയാണ് താന്‍ ഇടപെട്ടതെന്നുമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണങ്ങളുയര്‍ന്ന ആദ്യ അവസരത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ രാഹുലിന്റെ വാദങ്ങള്‍ പരാതിക്കാരന്‍ പൂര്‍ണമായി നിഷേധിച്ചു.

പരാതി പരിഹരിക്കാനെന്ന പേരില്‍ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും താന്‍ സ്ഥലത്തില്ലാത്ത അവസരങ്ങള്‍ മുതലെടുത്താണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നുമാണ് പരാതി. ചെറിയ പ്രശ്‌നങ്ങള്‍ മുതലെടുത്ത് ക്രിമിനല്‍ ബുദ്ധിയോടെയാണ് മാങ്കൂട്ടത്തില്‍ പെരുമാറിയതെന്നും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതെന്നും പരാതിക്കാരന്‍ പറയുന്നു. യുവതിയെ തിരിച്ചറിയാന്‍ സാധിക്കുന്ന വിധത്തില്‍ ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും മാങ്കൂട്ടത്തില്‍ പുറത്തുവിട്ടെന്നും പരാതിയില്‍ പറയുന്നു.

നിര്‍ബന്ധിത ഗര്‍ഭഛിദ്രമടക്കം ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവന്നപ്പോള്‍ യുവതി വിവാഹിതയാണെന്നും വിവാഹ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായാണ് താന്‍ ഇടപെട്ടതെന്നുമായിരുന്നു രാഹുല്‍ ന്യായീകരണവുമായി രംഗത്തെത്തിയത്. എന്നാല്‍ രാഹുലിന്റെ കള്ളങ്ങള്‍ അപ്പാടെ പൊളിച്ചുകൊണ്ടാണ് പുതിയ പരാതി. തന്നെ സൈബറിടത്തില്‍ മോശമായി ചിത്രീകരിക്കാന്‍ രാഹുല്‍ ശ്രമിക്കുന്നുണ്ടെന്നും തനിക്കുണ്ടായ മാനഹാനിയില്‍ നടപടി വേണമെന്നുമാണ് യുവാവിന്റെ ആവശ്യം.