രാഹുലിന് ഇന്ന് നിര്‍ണായകം: ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

ജാമ്യം അനുവദിക്കുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും നിരവധി പെണ്‍കുട്ടികളെ സമാന രീതിയില്‍ പ്രതി പീഡിപ്പിച്ചിട്ടുണ്ട് എന്നുമായിരുന്നു പരാതിക്കാരി കോടതിയെ അറിയിച്ചത്.

author-image
Biju
New Update
rahul

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാല്‍സംഗ കേസിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. യുവതിയെ മാനസികമായി തളര്‍ത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുത് എന്നുമാണ് പ്രോസിക്യൂഷന്‍ വാദം. 

ജാമ്യം അനുവദിക്കുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും നിരവധി പെണ്‍കുട്ടികളെ സമാന രീതിയില്‍ പ്രതി പീഡിപ്പിച്ചിട്ടുണ്ട് എന്നുമായിരുന്നു പരാതിക്കാരി കോടതിയെ അറിയിച്ചത്. 

എന്നാല്‍ യുവതിയുടെ മൊഴി പരിശോധിക്കുമ്പോള്‍ ബലാത്സംഗം നടന്നതായി കണക്കാക്കാന്‍ ആകില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു. വിവാഹിതയായ യുവതി മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായും ധാര്‍മികമായും തെറ്റല്ല എന്നതിനാല്‍ എങ്ങനെ പ്രതിക്ക് ജാമ്യം നിഷേധിക്കാനാകുമെന്ന് കോടതി ചോദിച്ചു. 

നഗ്ന ദൃശ്യങ്ങള്‍ കൈവശം വെച്ചതായി കണ്ടെത്തിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണിക്കാനാകുമെന്ന് കോടതി പറഞ്ഞു. രണ്ടും, മൂന്നും കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ച രാഹുലിന് ആദ്യ കേസിലെ വിധി നിര്‍ണായകമാണ്.

അതേസമയം, പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ കേസിലെ അതിജീവിതയെ അപമാനിച്ച അഡ്വ.ദീപ ജോസഫിന് രൂക്ഷ ഭാഷയില്‍ താക്കിതുമായി സുപ്രീം കോടതി. അതിജീവിതയെ അപമാനിച്ച കേസിലെ പ്രതി അഡ്വ.ദീപ ജോസഫിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സുര്യകാന്ത് കടുത്ത ഭാഷയില്‍ അഭിഭാഷകയെ വിമര്‍ശിച്ചത്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വാക്കുകള്‍ ഉപയോഗിക്കുന്നത് ശരിയാണോ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഒരു പുരുഷനായിരുന്നെങ്കില്‍ ഇപ്പോള്‍ അറസ്റ്റിന് നിര്‍ദേശം നല്‍കുമായിരുന്നെന്നും പറഞ്ഞു.

ദീപ പ്രയോഗിച്ച വാക്കുകള്‍ ഞെട്ടലുണ്ടാക്കുന്നതാണെന്ന് സുപ്രീം കോടതി പറഞ്ഞു. പുരുഷനായിരുന്നെങ്കില്‍ ഉടന്‍ അറസ്റ്റു ചെയ്‌തേനെ. നിങ്ങളൊരു വനിതാ അഭിഭാഷക അല്ലേയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ദീപയുടെ ഹര്‍ജി തള്ളിയ കോടതി, ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

രാഹുല്‍ മാങ്കൂട്ടത്തിലില്‍ കേസിലെ ആദ്യത്തെ അതിജീവിതയെ അപമാനിച്ചതിനാണ് പൊലീസ് അഡ്വ.ദീപ ജോസഫിന് കേസെടുത്തത്. കേസ് പരിഗണിച്ചപ്പോള്‍, അഭിഭാഷകയായിട്ടും ഇങ്ങനെയുള്ള ഭാഷയാണോ ഉപയോഗിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിക്കുകയും രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോ അതിജീവിതയുടെ പേരോ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ദീപ ജോസഫ് സുപ്രീം കോടതിയെ അറിയിക്കാന്‍ ശ്രമിച്ചത്.