/kalakaumudi/media/media_files/2025/09/15/rahul-2025-09-15-12-47-42.jpg)
തിരുവനന്തപുരം: സഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിപക്ഷത്തുനിന്നും ഒരു കുറിപ്പ് കിട്ടിയതോടെ സഭവിട്ടു. പുറത്തിറങ്ങിയ രാഹുലിനോട് മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ഒന്നും മറുപടി നല്‍കാതെയായിരുന്നു രാഹുലിന്റെ മടക്കം.
അതിനിടെ നിയമസഭയ്ക്ക് പുറത്തേക്കിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വാഹനം തടഞ്ഞ് എസ്എഫ്ഐ. വാഹനത്തില്‍ പുറത്തേക്കിറങ്ങിയപ്പോളാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്.
ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഇത്രയും ദിവസം പത്തനംതിട്ടയിലെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. നിയമസഭ സമ്മേളനം ആരംഭിക്കുന്ന ഇന്നാണ് വീട് വിട്ടു നിയമസഭയിലെത്തിയത്. രാഹുല്‍ നിയമസഭയിലെത്തരുതെന്ന നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുലെത്തിയത്.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് രാഹുല്‍ നിയമസഭയില്‍ എത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. നിയമസഭയിലേക്ക് പോകുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാസമ്മേളനത്തിന് എത്തിയാല്‍ പ്രത്യേക ബ്ലോക്കില്‍ ഇരുത്തുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ സസ്പെന്‍ഡ് ചെയ്തതായും പ്രതിപക്ഷ ബ്ലോക്കില്‍ നിന്ന് മാറ്റിയിരുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷനേതാവിന്റെ കത്ത് കിട്ടിയ സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.