/kalakaumudi/media/media_files/2025/11/24/rahul-2025-11-24-14-32-08.jpg)
കൊച്ചി : ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നത്. തിരുവനന്തപുരം സെഷന്‍സ് കോടതി നേരത്തെ ജാമ്യം നിഷേധിച്ച ഒന്നാമത്തെ ബലാത്സംഗക്കേസിലാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ തീര്‍പ്പാകുന്നത് വരെ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കോടതി ഇന്ന് വരെ നീട്ടിയിരുന്നു.
പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് രാഹുലിന്റെ വാദം. എന്നാല്‍, ലൈംഗികാതിക്രമത്തിനും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും എം.എല്‍.എ മുതിര്‍ന്നുവെന്നും ഇതിന് മതിയായ തെളിവുകള്‍ ഉണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. കേസ് ഡയറിയും അന്വേഷണ പുരോഗതിയും സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.
അതേസമയം, രാഹുലിന് മറ്റൊരു ബലാത്സംഗക്കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇന്നത്തെ വാദത്തിന് ശേഷം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളുകയാണെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലേക്ക് പൊലീസ് കടക്കും. കേസിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടി രാഹുലിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
