രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍

വളരെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ നീക്കി പൊലീസ് രാഹുലിനെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ എത്തിച്ചത്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

author-image
Biju
New Update
r remand

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തിരുവല്ല മജിസ്‌ട്രേറ്റ് കോതിയാണ് റിമാന്‍ഡ് ചെയ്തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി രാഹുലിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ വന്‍ പ്രതിഷേധമാണ് ഡിവൈഎഫ്‌ഐയുടെയും യുവമോര്‍ച്ചയുടെയും ഭാഗത്തുനിന്നുണ്ടായത്. 

വളരെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ നീക്കി പൊലീസ് രാഹുലിനെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ എത്തിച്ചത്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുല്‍ ഒരു സ്ഥിരം കുറ്റവാളി (ഹാബിച്ചല്‍ ഒഫന്‍ഡര്‍) ആണെന്നടക്കമുള്ള ഗുരുതര പരാമര്‍ശമടക്കം അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. 

രാഹുലിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സാസ്തമംഗലം അജിത്ത് ഹാജരായി ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ മാറ്റിവയ്ക്കുകയായിരുന്നു. രാഹുലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന.

കേസ് എടുക്കുന്നതിന് മുന്‍പുതന്നെ പ്രതി പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും, എം എല്‍ എ എന്ന അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബര്‍ ആക്രമണങ്ങളിലൂടെ മാനസിക സമ്മര്‍ദ്ദത്തിലാക്കാനും സാധ്യതയുണ്ടെന്നും പോലീസ് വിവരിച്ചിട്ടുണ്ട്. നേരത്തയുള്ള കേസില്‍ പത്ത് ദിവസത്തോളം ഒളിവില്‍ പോയി നിയമത്തെ വെല്ലുവിളിച്ചയാളാണ് പ്രതി. നിലവില്‍ പരാതിക്കാരിയുടെ ജീവന് തന്നെ രാഹുല്‍ ഭീഷണിയാണെന്നും അവരുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തി മാനസിക സമ്മര്‍ദ്ദത്തിലാക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മൂന്നാമത്തെ ബലാത്സംഗ കേസില്‍ ഇന്നലെ അര്‍ദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. പിന്നീട് പത്തനംതിട്ട എആര്‍ ക്യാംപിലെത്തിക്കുകയായിരുന്നു.

എം എല്‍ എ സ്ഥാനത്ത് അയോഗ്യതക്ക് നീക്കം

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമസഭ കടുത്ത നടപടിക്കൊരുങ്ങുകയാണ്. വിഷയം എത്തിക്‌സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. അയോഗ്യത നടപടിക്ക് നിയമോപദേശം തേടും. തുടര്‍ച്ചയായി പരാതികള്‍ വരുന്ന സാഹചര്യത്തില്‍ രാഹുല്‍ എം എല്‍ എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സ്പീക്കര്‍ പ്രതികരിച്ചു.