/kalakaumudi/media/media_files/2025/12/06/rahul-2025-12-06-09-28-01.jpg)
പത്തനംതിട്ട: ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കുക. പരാതിക്കാരി ലൈംഗിക അതിക്രമം നേരിട്ട ഹോട്ടലില്‍ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തണം, യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അന്വേഷണസംഘം ഏഴു ദിവസത്തെ കസ്റ്റഡി അപേക്ഷ നല്‍കിയിരിക്കുന്നത്.
രാഹുലിനെ പത്തനംതിട്ട ജില്ലാ കോടതി മജിസ്‌ട്രേറ്റ് ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്. നിലവില്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലാണ് രാഹുലുള്ളത്. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പിന്നാലെ രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാംപില്‍ എത്തിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു.
പത്തനംതിട്ട സ്വദേശിയായ യുവതിയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. ബലാത്സംഗം, ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഹുലിനെതിരായ പരാതി അന്വേഷിക്കുന്നത്.
അതിനിടെ, ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായതോടെ എംഎല്‍എ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ചും തര്‍ക്കങ്ങള്‍ ഉയരുന്നുണ്ട്. എംഎല്‍എ സ്ഥാനം സ്വയം ഒഴിയുന്നില്ലെങ്കില്‍ നിയമസഭയ്ക്ക് രാഹുലിനെ പുറത്താക്കാന്‍ അധികാരമുണ്ട്. അംഗങ്ങള്‍ക്കുണ്ടാവേണ്ട പൊതുപെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി, എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ നല്‍കി സഭ അംഗീകരിച്ചാല്‍ രാഹുല്‍ പുറത്തായേക്കാം. ഇന്നലെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഇക്കാര്യം സംബന്ധിച്ച് സൂചന നല്‍കിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
