മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

രാഹുലിനെ പീഡനം നടന്നതായി പറയപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ച് പോലീസ് തെളിവെടുത്തിരുന്നു. ചോദ്യം ചെയ്യല്‍ അടക്കം രാഹുല്‍ സഹകരിക്കുന്നില്ലെന്ന കാര്യം സ്റ്റേറ്റ് ക്രൈം ബ്രാഞ്ച്, കോടതിയെ ബോധ്യപ്പെടുത്തും.

author-image
Biju
New Update
rahul

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയില്‍ കോടതി തീരുമാനം പറയുക. 

രാഹുലിനെ പീഡനം നടന്നതായി പറയപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ച് പോലീസ് തെളിവെടുത്തിരുന്നു. ചോദ്യം ചെയ്യല്‍ അടക്കം രാഹുല്‍ സഹകരിക്കുന്നില്ലെന്ന കാര്യം സ്റ്റേറ്റ് ക്രൈം ബ്രാഞ്ച്, കോടതിയെ ബോധ്യപ്പെടുത്തും. അതേസമയം നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള അറസ്റ്റ് എന്ന ആരോപണം തെളിയിക്കാനാകും പ്രതിഭാഗത്തിന്റെ ശ്രമം. 

രാഹുലിനെ പാലക്കാട്ടെ ഹോട്ടലില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പിന്നാലെ രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാംപില്‍ എത്തിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. 

ബലാത്സംഗം, ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഹുലിനെതിരായ പരാതി അന്വേഷിക്കുന്നത്. ആദ്യ ലൈംഗികപീഡന കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. 

രണ്ടാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നത് അടക്കമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം.