/kalakaumudi/media/media_files/spoDEY7UI6vrgAytYWv0.jpg)
കൊച്ചി: റെയിൽവേ സ്റ്റേഷനിൽ ജോലിസമയം കഴിഞ്ഞ് മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി റെയിൽവേ സസ്പെൻഡ് ചെയ്തു. കളമശേരി റെയിൽവേ സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥനെതിരെയാണ് നടപടി. നവംബർ 28ന് ഇവിടെ ഗുഡ്സ്ട്രെയിൻ പാളംതെറ്റിയിരുന്നു. ഈ
അപകടത്തെക്കുറിച്ച് റെയിൽവേ പ്രഖ്യാപിച്ച അന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ ചൊവ്വാഴ്ച രാത്രി 10ന് കളമശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയ അസിസ്റ്റന്റ് ഡിവിഷണൽ സേഫ്റ്റി ഓഫീസറാണ് മദ്യപിച്ച നിലയിൽ സ്റ്റേഷൻമാസ്റ്ററുടെ മുറിയിലിരുന്ന് സംസാരിക്കുന്ന ഉദ്യോഗസ്ഥനെ കണ്ടത്. ഇദ്ദേഹം വൈകിട്ട് ആറിന് ജോലികഴിഞ്ഞുപോയശേഷം മദ്യപിച്ച് സ്റ്റേഷനിൽ തിരികെഎത്തി സഹപ്രവർത്തകരോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
സേഫ്റ്റി ഓഫീസർ തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ അധികൃതരെ ഉടൻ വിവരം അറിയിച്ചു. ഡിവിഷണൽ ജനറൽ മാനേജരുടെ നിർദ്ദേശപ്രകാരം എറണാകുളത്ത് നിന്ന് ആർ.പി.എഫും ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും കളമശേരി സ്റ്റേഷനിലെത്തി. ഇവരുടെ സാന്നിദ്ധ്യത്തിൽ റെയിൽവേ ഡോക്ടർ ഉദ്യോഗസ്ഥന്റെ രക്തംശേഖരിച്ചു. ബുധനാഴ്ച പരിശോധനാഫലം വന്നതോടെയാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. ജോലിസമയത്ത് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടില്ല. കളമശേരി റെയിൽവേ സ്റ്റേഷനിൽ നാല് സ്റ്റേഷൻ മാസ്റ്റർമാരും സ്റ്റേഷൻസൂപ്രണ്ടും സ്റ്റേഷൻ മാനേജരുമുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
