/kalakaumudi/media/media_files/2025/08/21/rail2-2025-08-21-08-26-18.jpg)
തിരുവനന്തപുരം: ഒറ്റപ്പെട്ടടയിങ്ങളില്‍ നടക്കുന്ന ക്രൂരതയ്ക്കിടയിലും മാതൃസ്‌നേഹത്തിന്റെ വാര്‍ത്തകള്‍ സ്ഥിരം കേള്‍ക്കാറുണ്ട് മലയാളികള്‍. മാതൃസ്‌നേഹത്തിന് മാതൃകയായ അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
പരീക്ഷാ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍ആര്‍ബി തിരുവനന്തപുരം നോര്‍ത്ത് ഡിവിഷനിലെ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലം പള്ളിമണ്‍ ഇളവൂര്‍ പാര്‍വതി നിവാസില്‍ എ.പാര്‍വതിയാണ് കരയുന്ന കുഞ്ഞിന് പാലൂട്ടി താരമായത്.
നഗരൂര്‍ രാജധാനി എന്‍ജിനീയറിങ് കോളജില്‍ ആണ് സംഭവം. പട്ടം സ്വദേശിയായ യുവതി ഭര്‍ത്താവിനും രണ്ട് മാസം പ്രായമായ കൈക്കുഞ്ഞിനും ഒപ്പമാണ് പരീക്ഷയ്‌ക്കെത്തിയത്. 7.30 മുതല്‍ 8.30 വരെയാണ് പരീക്ഷാ ഹാളില്‍ പ്രവേശിക്കേണ്ട സമയം.
കുഞ്ഞിന്റെ മാതാവ് പരീക്ഷാ ഹാളില്‍ പ്രവേശിച്ച് ആദ്യത്തെ ലോഗിന്‍ പ്രക്രിയയും പൂര്‍ത്തിയാക്കിക്കഴിഞ്ഞ ശേഷമാണ് കുഞ്ഞ് നിര്‍ത്താതെ കരയാന്‍ തുടങ്ങിയത്. കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞുമായി യുവതിയുടെ ഭര്‍ത്താവ് പരീക്ഷ നടക്കുന്ന കെട്ടിടത്തിന് സമീപമെത്തി സഹായം അഭ്യര്‍ഥിച്ചു.
പരീക്ഷാഹാളില്‍ പ്രവേശിച്ച യുവതിക്ക് പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടാണെന്നു മനസ്സിലാക്കിയ പാര്‍വതി കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. തന്റെ ഒന്നര വയസ്സുള്ള കുഞ്ഞിന്റെ മുഖമാണ് ആ സമയത്ത് മനസ്സില്‍ തെളിഞ്ഞതെന്ന് പാര്‍വതി പറഞ്ഞു.