മേല്‍പാലങ്ങള്‍ പൂര്‍ത്തിയായില്ല; തിരുവനന്തപുരം നേമം രണ്ടാം റെയില്‍ പാത വൈകും

കോയമ്പത്തൂര്‍ ആസ്ഥാനമായ ഒമേഗ എന്ന കമ്പനിക്കാണു കരാര്‍. പഴയ പാലങ്ങള്‍ പൊളിക്കാന്‍ ദക്ഷിണ റെയില്‍വേ ആസ്ഥാനത്തുനിന്ന് അനുമതി ലഭിക്കാന്‍ വൈകുന്നതും കരാറുകാരുടെ മെല്ലെപ്പോക്കുമാണു പദ്ധതി വൈകിക്കുന്നത്

author-image
Biju
New Update
nemom2

തിരുവനന്തപുരം: റെയില്‍വേ മേല്‍പാലങ്ങളുടെ നിര്‍മാണം വൈകുന്നതിനാല്‍ തിരുവനന്തപുരം - നേമം രണ്ടാം റെയില്‍ പാത കമ്മിഷന്‍ ചെയ്യുന്നതു വൈകും. രണ്ടാം പാത നിര്‍മാണത്തിനു തറയൊരുക്കുന്ന പണികള്‍ മിക്ക സ്ഥലത്തും പൂര്‍ത്തിയായെങ്കിലും പഴയ പാലങ്ങള്‍ പൊളിക്കാതെ രണ്ടാമത്തെ ട്രാക്ക് ഇടാന്‍ കഴിയില്ല. നേമം വരെയുള്ള 8 കിലോമീറ്ററില്‍ 10 മേല്‍പാലങ്ങളാണുള്ളത്. 

ഇതില്‍ 2 പാലങ്ങളുടെ നിര്‍മാണമാണ് നടന്നത്. 8 പാലങ്ങളുടെ നിര്‍മാണം ബാക്കിയാണ്. കോയമ്പത്തൂര്‍ ആസ്ഥാനമായ ഒമേഗ എന്ന കമ്പനിക്കാണു കരാര്‍. പഴയ പാലങ്ങള്‍ പൊളിക്കാന്‍ ദക്ഷിണ റെയില്‍വേ ആസ്ഥാനത്തുനിന്ന് അനുമതി ലഭിക്കാന്‍ വൈകുന്നതും കരാറുകാരുടെ മെല്ലെപ്പോക്കുമാണു പദ്ധതി വൈകിക്കുന്നത്. 

നേമം വരെയുള്ള രണ്ടാം പാത കമ്മിഷന്‍ ചെയ്യാന്‍ വൈകുന്നതിനനുസരിച്ചു നേമം ടെര്‍മിനല്‍ നിര്‍മാണവും വൈകും. മാര്‍ച്ചില്‍ തീരേണ്ട 2 പ്രധാന പദ്ധതികളാണു വിവിധ കാരണങ്ങളാല്‍ ഇഴയുന്നത്. നേമത്തെ പുതിയ സ്റ്റേഷന്‍ കെട്ടിടം നിര്‍മാണത്തിനു ഇനിയും ഭൂമി വിട്ടുകിട്ടാനുണ്ട്. പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന്റെ പ്ലാനില്‍ ഇടയ്ക്കിടെ മാറ്റം വരുത്തുന്നതും പദ്ധതിയുടെ പുരോഗതിയെ ബാധിച്ചിട്ടുണ്ട്. പുതിയ കെട്ടിടം പൂര്‍ത്തിയാക്കുകയും പുതിയ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകള്‍ കമ്മിഷന്‍ ചെയ്യുകയും വേണം. 

ഇതോടെ ഇപ്പോഴുള്ള 2 പ്ലാറ്റ്‌ഫോമുകള്‍ 3,4 പ്ലാറ്റ്‌ഫോമുകളായി മാറും. ഇത്രയും ജോലികള്‍ തീര്‍ത്താല്‍ മാത്രമേ നേമം ടെര്‍മിനലിലേക്കുള്ള ട്രാക്ക് സ്ഥാപിച്ചു ടെര്‍മിനല്‍ കമ്മിഷന്‍ ചെയ്യാന്‍ കഴിയൂ. ടെര്‍മിനലില്‍ ട്രെയിന്‍ അറ്റകുറ്റപ്പണിക്കുള്ള 2 പിറ്റ്ലൈനുകളും 3 സ്റ്റേബിളിങ് ലൈനുകളുമാണ് വരേണ്ടത്. ഇതില്‍ പിറ്റ്ലൈനുകളുടെ പണി അന്തിമഘട്ടത്തിലാണ്. പിറ്റ്ലൈനിനു മുകളില്‍ ട്രാക്ക് സ്ഥാപിക്കുന്ന ജോലി ഉടന്‍ തുടങ്ങും. 

അതേസമയം, രണ്ടാംഘട്ടത്തിനുള്ള അനുമതി ഇനിയും ലഭിച്ചിട്ടില്ല. ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കാനുള്ള റെയില്‍വേ നീക്കം പദ്ധതിയെ ദോഷകരമായി ബാധിക്കും. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി ആവശ്യമായ ഭൂമി ഏറ്റെടുത്തശേഷം പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കാമെങ്കിലും അതിനു ശ്രമിക്കാതെ ഇടയ്ക്കിടെ ഭൂമി ഏറ്റെടുക്കാന്‍ അപേക്ഷ നല്‍കുന്നത് റവന്യു വകുപ്പിന് ഇരട്ടിപ്പണിയും ഭൂമി ലഭിക്കാന്‍ കാലതാമസവുമുണ്ടാക്കും.