തിരുവനന്തപുരം-കാസര്‍കോട് പാതയില്‍ വേഗം കൂട്ടാനാകാതെ റെയില്‍വേ

ഒന്നര വര്‍ഷം കൊണ്ടു വേഗം 110 കിലോമീറ്ററും 4 വര്‍ഷം കൊണ്ടു 130 കിലോമീറ്ററുമാക്കുമെന്നായിരുന്നു റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ 2023 ഏപ്രിലിലെ പ്രഖ്യാപനം

author-image
Prana
New Update
train 1

നാലു വര്‍ഷം കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് പാതയില്‍ പരമാവധി വേഗം 130 കിലോമീറ്റര്‍ ആക്കാന്‍ ലക്ഷ്യമിട്ട് 2023ല്‍ പദ്ധതി ആവിഷ്‌കരിച്ച റെയില്‍വേ ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ 110 കിലോമീറ്ററെന്ന വേഗം പോലും കൈവരിക്കാന്‍ കഴിയാതെ കിതയ്ക്കുകയാണ്. ഒന്നര വര്‍ഷം കൊണ്ടു വേഗം 110 കിലോമീറ്ററും 4 വര്‍ഷം കൊണ്ടു 130 കിലോമീറ്ററുമാക്കുമെന്നായിരുന്നു റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ 2023 ഏപ്രിലിലെ പ്രഖ്യാപനം. തിരുവനന്തപുരം-കായംകുളം, കായംകുളം-എറണാകുളം (ആലപ്പുഴ വഴി) പാതകളില്‍ വേഗം 110 കിലോമീറ്റര്‍ ആക്കിയെങ്കിലും കോട്ടയം റൂട്ടില്‍ അതിനു കഴിഞ്ഞിട്ടില്ല. ആലപ്പുഴ വഴി തിരുവനന്തപുരം - എറണാകുളം റൂട്ടില്‍ (206 കിലോമീറ്റര്‍) ഒരു ട്രെയിനിന്റെ പോലും യാത്രാസമയം കുറയ്ക്കാനുമായിട്ടില്ല.
നേരത്തെ തന്നെ 110 കിലോമീറ്റര്‍ വേഗമുള്ള ഷൊര്‍ണൂര്‍-മംഗളൂരു പാതയില്‍ 130 ആയി ഉയര്‍ത്താന്‍ വളവുകള്‍ നിവര്‍ത്തേണ്ടതുണ്ട്. ഇതിന് ഒരു വര്‍ഷം മുന്‍പു കരാര്‍ നല്‍കിയെങ്കിലും പദ്ധതിയുടെ ഡിപിആര്‍ തയാറാകാത്തതിനാല്‍ പലയിടത്തും പണി നടക്കുന്നില്ല. 2025 മാര്‍ച്ചില്‍ തീര്‍ക്കേണ്ട ജോലിയാണിത്.തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെ ഭൂമിയേറ്റെടുക്കാതെ നിവര്‍ത്താന്‍ കഴിയുന്ന 86 വളവുകളുടെ പണികള്‍ക്കു തിരുവനന്തപുരം ഡിവിഷന്‍ കരാര്‍ ക്ഷണിച്ചിരുന്നെങ്കിലും സാങ്കേതിക തടസങ്ങള്‍ മൂലം കരാര്‍ ഉറപ്പിച്ചിട്ടില്ല. 288 വളവുകള്‍ നിവര്‍ത്താനുള്ള കരാറാണു പാലക്കാട് ഡിവിഷന്‍ നല്‍കിയിരുന്നത്. ഇപ്പോഴുള്ള പാതയിലെ വേഗം 160 വരെ ഉയര്‍ത്താനുള്ള പഠനം, പുതിയ മൂന്നും നാലും പാതയ്ക്കുള്ള പഠനം എന്നിവ സമാന്തരമായി നടക്കുന്നുണ്ട്.

highspeed railway indian railway kerala railway train