സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതും ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദവുമാണ് മഴയ്ക്ക് കാരണം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് അർദ്ധരാത്രിയോടെ റിമാൽ ചുഴലിക്കാറ്റായി രൂപപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമർദം ബംഗാൾ, ബംഗ്ലാദേശ് തീരത്തേക്കാണ് നീങ്ങുന്നത്. 26ന് അർധരാത്രി സാഗർ ഐലൻഡിനും ഖേൽപ്പുരയ്ക്കും ഇടയിൽ കരതൊടുമെന്നാണ് പ്രതീക്ഷ.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കിയിൽ പാമ്പ്ല, കല്ലാർകുട്ടി ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ അതിശക്തമായ മഴയുള്ളതിനാലും നീരൊഴുക്ക് കൂടിയതിനാലും, ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി രാവിലെ 6 മണി മുതൽ ഡാമുകളിലെ ഷട്ടറുകൾ തുറക്കുമെന്ന അറിയിപ്പുമുണ്ട്.
പാമ്പ്ല ഡാമിൽ നിന്ന് 600 ക്യൂമെക്‌സും കല്ലാർക്കുടി ഡാമിൽ നിന്ന് 300 ക്യൂമെക്‌സും വെള്ളം പുറത്തേക്ക് വിടുന്നതിനും അനുമതി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുതിരപ്പുഴയാർ, പെരിയാർ നദീതീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കേണ്ടതാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.