സംസ്ഥാനത്ത് ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ച മഴ ശക്തമായി തുടരുന്നു. തെക്കൻ ജില്ലകളിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മധ്യകേരളത്തിലും മഴ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്.
എറണാകുളം, കൊല്ലം ജില്ലകളിൽ മഴയെത്തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. എറണാകുളത്ത് സഹോദരൻ അയ്യപ്പൻ റോഡിലും പാലാരിവട്ടം-കാക്കനാട് റോഡിലും വൻ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്യുന്നു. ഇൻഫോപാർക്കിൽ കഴിഞ്ഞ ദിവസത്തേതിന് സമാനമായി റോഡുകളിൽ വെള്ളംപൊങ്ങിയിട്ടുണ്ട്.
കൊല്ലം ജില്ലയിൽ മരുത്തടി, ശക്തികുളങ്ങര, മാങ്ങാട് പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. എംജി റോഡിൽ നിലമേൽ, കൊട്ടിയം, ചാത്തന്നൂർ മേഖലയിൽ വെള്ളക്കെട്ടും രൂക്ഷമാണ്. ദേശീയപാത നിർമാണം പുരഗോമിക്കുന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന സാഹചര്യവുമുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മതിലിടിഞ്ഞു.