സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്. ജലനിരപ്പ് ക്രമീകരിക്കാൻ മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. മലങ്കര ഡാമിന്റെ 5 ഷട്ടറുകൾ ഒന്നര മീറ്റർ വീതമാണ് ഉയർത്തിയത്. മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്തുളളവർക്ക് ജാഗ്രതാ നിർദേശം നൽകി.
ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരമേഖലകളിൽ അതീവ ജാഗ്രത വേണമെന്നാണ് നിർദ്ദേശം. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
ഇടുക്കിയിൽ രാത്രിയിലും കനത്ത മഴ തുടരുന്നു. വെള്ളിയാമറ്റം പഞ്ചായത്തിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശത്തുനിന്നും ആളുകളെ മാറ്റി. രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ വെള്ളിയാമറ്റത്ത് തുറന്നിട്ടുണ്ട്. പന്നിമറ്റം എൽപി സ്കൂളിലും വെള്ളിയാമറ്റം ഹയർസെക്കൻററി സ്കൂളിലുമാണ് ക്യാമ്പുകൾ തുറന്നിരിക്കുന്നത്. ഇവിടേക്ക് നാലു കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.