കോഴിക്കോട്: കനത്ത മഴയിൽ കൂരാച്ചുണ്ട് കരിയാത്തൻപാറയിൽ ഉരുൾപൊട്ടൽ. ഇരുപത്തെട്ടാംമൈൽ സ്വദേശി മുജീബിന്റെ കോഴിഫാം തകർന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞ് മീറ്ററുകളോളം താഴേക്ക് വരികയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്തു. പ്രദേശത്തെ വീടുകള്‍ക്ക് ഭീഷണിയുണ്ടെന്ന് ജനങ്ങള്‍ പറയുന്നു. 1500 കോഴി കൂടുകൾ നശിച്ചു. ഉരുൾപൊട്ടലിൽ 200 കവുങ്ങുകളും നശിച്ചു.
ഇടുക്കി പൂച്ചപ്രയിലുണ്ടായ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം. രണ്ടു വീടുകൾക്ക് കേടുപാട് സംഭവിച്ചു. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഏക്കർ കണക്കിന് കൃഷിയാണ് ഉരുൾപൊട്ടലിൽ നശിച്ചത്. വലിയ പാറക്കല്ലുകൾ ജനവാസ മേഖലയിലേക്ക് ഉരുണ്ടുവന്നു. വലിയ രീതിയിലുള്ള നാശനഷ്ടമാണ് ഇന്നലെ ഉണ്ടായ കനത്തമഴയില്‍ ഇടുക്കിയുടെ പല ഭാഗങ്ങളിലും ഉണ്ടായത്.