rain alert
കനത്ത മഴയെ തുടര്‍ന്ന് ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി. ഇടുക്കി ജില്ലയില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. മഴക്കെടുതികള്‍ രൂക്ഷമായതോടെ ജില്ലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ജില്ല കളക്ടര്‍ ഷീബ ജോര്‍ജ് ഉത്തരവിറക്കി. ചൊവ്വാഴ്ച രാത്രി ഏഴ് മുതല്‍ ബുധനാഴ്ച രാവിലെ ആറ് വരെയാണ് നിരോധനം. മണ്ണിടിച്ചില്‍ ഭീഷണി ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു.
അതേസമയം മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്നാറില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. പഴയ മൂന്നാര്‍ സി.എസ്.ഐ ഹാളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലേക്കാണ് ഇവരെ മാറ്റിപ്പാര്‍പ്പിച്ചത്. അതേസമയം ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മഴയും കാറ്റും എല്ലാ ജില്ലകളിലും രാത്രിയിലും തുടരാന്‍ സാധ്യത. അടുത്ത രണ്ട് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. നാളെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.