/kalakaumudi/media/media_files/2025/09/24/dsc00060-2025-09-24-20-45-05.jpg)
രാജഗിരി കോണ്‍ക്ലേവ് 2025ല്‍ സംഘടിപ്പിച്ച എ.ഐ സെഷനില്‍ 'എ.ഐ കിഡ് ' റൗള്‍ ജോണ്‍ അജു സംസാരിക്കുന്നു.
തൃക്കാക്കര : രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും (ഓട്ടോണമസ്) രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച 'രാജഗിരി കോണ്‍ക്ലേവ് 2025' സമാപിച്ചു. 'നൗ ടു നെക്‌സ്റ്റ് ' എന്നതായിരുന്നു കോണ്‍ഫ്‌ളുവന്‍സ് 2.0 യുടെ ഭാഗമായി കാക്കനാട് ക്യാമ്പസില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവിന്റെ പ്രമേയം. വിദ്യാഭ്യാസ, വ്യവസായ മേഖലകളിലെ പ്രമുഖര്‍, വിദ്യാര്‍ത്ഥികള്‍, സംരംഭകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ കോണ്‍ക്ലേവില്‍ സാന്നിദ്ധ്യമറിയിച്ചു.
രാജ്യത്തെ 48 കോളേജുകളില്‍ നിന്നും 32 സ്‌കൂളുകളില്‍ നിന്നുമായി 5,000ല്‍ അധികം വിദ്യാര്‍ത്ഥികളും 70 കമ്പനികളില്‍ നിന്നായി 100ല്‍ അധികം വ്യവസായ വിദഗ്ധരും പങ്കെടുത്തത് കോണ്‍ക്ലേവിനെ വ്യവസായ, വിദ്യാഭ്യാസ മേഖലകളുടെ സംഗമ വേദിയാക്കി.രാജഗിരി ടോക്‌സ് ആയിരുന്നു കോണ്‍ക്ലേവിന്റെ പ്രധാന ആകര്‍ഷണം. ഐ.ഐ.എം അഹമ്മദാബാദ് ഫിനാന്‍സ് വിഭാഗം പ്രൊഫ. ജോഷി ജേക്കബ്, 'എ.ഐ കിഡ്' എന്നറിയപ്പെടുന്ന ബാലപ്രതിഭ റൗള്‍ ജോണ്‍ അജു എന്നിവര്‍ നടത്തിയ അവതരണങ്ങള്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചു. എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റ്, ഇന്‍ഡസ്ട്രി ഫ്രാറ്റേണിറ്റി മീറ്റ്, പാനല്‍ ചര്‍ച്ചകള്‍, അന്താരാഷ്ട്ര പുസ്തകോത്സവം, അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ആര്‍ ബസാര്‍, ക്യൂരിയോസിറ്റി സോണ്‍, കലാസന്ധ്യ എന്നിവയും കോണ്‍ക്ലേവിന്റെ ഭാഗമായിരുന്നു.