/kalakaumudi/media/media_files/2025/09/04/rajagiri-2025-09-04-18-59-02.jpeg)
തൃക്കാക്കര : കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴില്‍ മികവിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍.ഐ.ആര്‍.എഫ് ) പുറത്തിറക്കിയ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 2025ലെ പട്ടികയില്‍ കോളേജ് വിഭാഗത്തില്‍ 12-ആം റാങ്കും കേരളത്തിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് (ഓട്ടോണമസ്). രാജ്യത്തെ 14,163 വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് റാങ്കിങ്ങിനായി ഈ വര്‍ഷം പരിഗണിച്ചിരുന്നത്. ഇതിൽ 4,030 കോളേജുകളെയാണ് റാങ്കിങ്ങിനായി പരിഗണിച്ചത്. എന്‍.ഐ.ആര്‍.എഫ് റാങ്കിങ് ആരംഭിച്ച കാലംമുതല്‍ രാജ്യത്തെ മികച്ച ആദ്യ 50 കോളേജുകളുടെ പട്ടികയില്‍ മികച്ച സ്ഥാനങ്ങള്‍ നിലനിര്‍ത്തിപ്പോരുന്ന രാജഗിരി കോളേജിന്റെ മികവ് അടിവരയിടുന്നതാണ് ഈ വര്‍ഷത്തെ നേട്ടം. അക്കാദമിക മികവ്, നൂതനമായ പഠന സമ്പ്രദായം, ഗവേഷണം, വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികസനം എന്നിവയോടുള്ള രാജഗിരി കോളേജിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ ഫലമാണ് 12-ആം റാങ്കിലൂടെ വ്യക്തമാകുന്നത്.
മികവില്‍ സംസ്ഥാനത്തെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്നിലാക്കുകവഴി, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നേതൃസ്ഥാനത്തേയ്ക്ക് എത്താന്‍ രാജഗിരി കോളേജിന് സാധിച്ചു. 'മാറിവരുന്ന അന്തരീക്ഷത്തില്‍ ആഗോള വീക്ഷണത്തോടെ വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുക എന്നതാണ് തങ്ങളുടെ സുപ്രധാന ലക്ഷ്യമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ റവ. ഡോ. സാജു എം.ഡി സി.എം.ഐ വ്യക്തമാക്കി. അന്താരാഷ്ട്ര വിദ്യഭ്യാസ സ്ഥാപനങ്ങളുമായി ദീര്‍ഘവും ദൃഢവുമായ രാജഗിരിയുടെ സഹകരണം 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ഇന്ന് ലോകത്തെ മുന്‍നിര സര്‍വ്വകലാശാലകളുമായും സ്ഥാപനങ്ങളുമായും സഹകരണം ഉറപ്പാക്കി തങ്ങള്‍ മുന്നോട്ടുപോകുന്നു. ഈ സഹകരണം വിദേശ രാജ്യങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുന്നു. രാജഗിരിയുടെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ആവുക എന്നത് വിദേശത്ത് ഉപരിപഠനത്തിനുള്ള പ്രവേശനം എളുപ്പമാക്കുക എന്നതിലുപരി, മികച്ച സ്‌കോളര്‍ഷിപ്പുകള്‍ക്കും ഫീസ് ഇളവുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നു. വ്യാവസായിക മേഖലകളിലെ ഉന്നതരുടെ പങ്കാളിത്തത്തോടെ വ്യാവസായിക പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കോഴ്‌സുകളാണ് രാജഗിരി വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് പുറമെ എം.ബി.എ, എം.സി.എ എന്നിവയില്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളും രാജഗിരി ഒരുക്കിയിരിക്കുന്നു. യു.എന്‍ എസ്.ഡി.ജികള്‍ പോലുള്ള ആഗോള ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് സാമൂഹികമായി സ്വാധീനിക്കുന്ന ഗവേഷണത്തിലും പ്രവര്‍ത്തനത്തിലും ഏര്‍പ്പെടാന്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, സംരംഭകത്വ മനോഭാവവും സംസ്‌കാരവും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുന്നതില്‍ കോളേജ് പ്രത്യേകം ശ്രദ്ധചെലുത്തുന്നു. ഇവയെല്ലാം ദേശീയ റാങ്കിംഗില്‍ നേട്ടം കൊയ്യാന്‍ രാജഗിരിക്ക് മികച്ച സംഭാവന നല്‍കിയതായും റവ. ഡോ. സാജു എം.ഡി കൂട്ടിച്ചേര്‍ത്തു.
ഉന്നത വിദ്യാഭ്യാസരംഗത്ത് 70 വര്‍ഷത്തിലേറെ പഴക്കവും സമ്പന്നവുമായ പാരമ്പര്യം കെട്ടിപ്പടുക്കുകയും കേരളത്തിലെ സോഷ്യല്‍ വര്‍ക്ക് പ്രോഗ്രാമിന്റെ വഴികാട്ടി എന്ന നിലയിലും രാജഗിരി കോളേജ് 2,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ, ബിരുദാനന്തര, ഡോക്ടറല്‍ തലങ്ങളില്‍ വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നു.