'അയ്യപ്പ സംഗമം രാഷ്ട്രീയ നാടകം; മുഖ്യമന്ത്രി ദൈവവിശ്വാസിയല്ല': രാജീവ് ചന്ദ്രശേഖര്‍

ആരെ വിഡ്ഢിയാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്? ദേവസ്വം ബോര്‍ഡാണ് പരിപാടി സംഘടിപ്പിക്കുന്നതെങ്കില്‍ ദേവസ്വം പ്രസിഡന്റ് അല്ലേ ചെന്നൈയില്‍ പോയി എം.കെ.സ്റ്റാലിനെ ക്ഷണിക്കേണ്ടതെന്നും, മന്ത്രി എന്തിനാണു സ്റ്റാലിനെ ക്ഷണിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു

author-image
Biju
New Update
RAJ

തിരുവനന്തപുരം: പമ്പയില്‍ നടത്താനിരിക്കുന്ന ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ നാടകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അയ്യപ്പ സംഗമത്തില്‍ രാഷ്ട്രീയമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. 

ആരെ വിഡ്ഢിയാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്? ദേവസ്വം ബോര്‍ഡാണ് പരിപാടി സംഘടിപ്പിക്കുന്നതെങ്കില്‍ ദേവസ്വം പ്രസിഡന്റ് അല്ലേ ചെന്നൈയില്‍ പോയി എം.കെ.സ്റ്റാലിനെ ക്ഷണിക്കേണ്ടതെന്നും, മന്ത്രി എന്തിനാണു സ്റ്റാലിനെ ക്ഷണിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

സ്റ്റാലിന്‍ എപ്പോഴാണ് അയ്യപ്പഭക്തനായത്. തിരഞ്ഞെടുപ്പിന് നാലു മാസം മുന്‍പുള്ള രാഷ്ട്രീയമായാണ് ജനങ്ങള്‍ ഇതിനെ കാണുന്നത്. ശബരിമലയിലെത്തുന്ന ഭക്തന്മാര്‍ക്ക് പത്തു വര്‍ഷമായി അടിസ്ഥാന സൗകര്യമൊരുക്കാത്ത ദേവസ്വം ബോര്‍ഡാണ് തിരഞ്ഞെടുപ്പിനു മുന്‍പായി അയ്യപ്പ സംഗമം നടത്തുന്നത്. സംഗമത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല. 

അയ്യപ്പഭക്തര്‍ വരുന്ന സ്ഥലത്ത്, ഹിന്ദു വൈറസാണെന്നു പറഞ്ഞ സ്റ്റാലിനും അയ്യപ്പഭക്തന്മാരെ ദ്രോഹിച്ച സിപിഎം മുഖ്യമന്ത്രിയും പോകാന്‍ പാടില്ലെന്നാണു പറഞ്ഞത്. അതൊരു അപമാനമാണെന്നാണ് പറഞ്ഞത്. സര്‍ക്കാര്‍ പരിപാടി അല്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് ഇതില്‍ പ്രതികരിക്കുന്നത്. മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢിയാക്കാനാണ് ശ്രമിക്കുന്നത്.

മുഖ്യമന്ത്രി ദൈവവിശ്വാസിയല്ല. ഞങ്ങളുടെ പാര്‍ട്ടിയില്‍ 99% ദൈവവിശ്വാസികളാണ്. 18 തവണ ശബരിമലയില്‍ പോയ ഞാന്‍ അഭിപ്രായം പറയുമ്പോള്‍, എനിക്ക് ഒന്നും അറിയില്ലെന്നാണ് ദൈവവിശ്വാസിയല്ലാത്ത സിപിഎം മുഖ്യമന്ത്രി പറയുന്നത്. അപ്പോള്‍ ആരെയാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്? മുഖ്യമന്ത്രി പറഞ്ഞതുപോലെ ആരാധനയുടെ ഭാഗമാണെങ്കില്‍ സ്റ്റാലിനെയും ഡിഎംകെയെയും വിളിക്കാന്‍ പാടില്ല. ഭക്തരുടെ വികാരമാണ് പരിഗണിക്കേണ്ടത്. വിശ്വാസിയല്ലാത്ത, നാസ്തികനായ മുഖ്യമന്ത്രിയാണോ പരിപാടി സംഘടിപ്പിക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. 

എനിക്ക് കേരളത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞാന്‍ രാഷ്ട്രീയ വിദ്വാന്‍ ആണെന്നു പറഞ്ഞിട്ടില്ല. സാമാന്യബുദ്ധിയുള്ള, അധ്വാനിക്കുന്ന ഒരാളാണ്. കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്ന ആളാണ്. ഹൈന്ദവവിശ്വാസിയാണ്. ശബരിമലയില്‍ പോയി പ്രാര്‍ഥിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ പോലെ ഒരു വിദ്വാന്‍ ആകാന്‍ എനിക്കു താല്‍പര്യമില്ല. വികസിത കേരളമെന്ന കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

rajeev chandrasekhar