ഉന്നതവിദ്യാഭ്യാസചുമതല ഗവര്‍ണര്‍ക്കു തന്നെയെന്ന് രാജേന്ദ്ര അര്‍ലേക്കര്‍

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല ഗവര്‍ണര്‍ക്കു തന്നെയാണെന്നും ഇതില്‍ രണ്ട് അഭിപ്രായത്തിന്റെ കാര്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

author-image
Prana
New Update
Rajendra Arlekar

സംസ്ഥാന മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും യുജിസി കരട് ചട്ടങ്ങള്‍ക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ രൂക്ഷവിമര്‍ശനത്തിന് മറുപടിയുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല ഗവര്‍ണര്‍ക്കു തന്നെയാണെന്നും ഇതില്‍ രണ്ട് അഭിപ്രായത്തിന്റെ കാര്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കോടതികള്‍ തന്നെ ഇത് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടങ്കില്‍ അവ പരിഹരിക്കാവുന്നതേയുള്ളൂ. ഇതില്‍ രണ്ട് വഴികള്‍ ഇല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുന്‍ ഗവര്‍ണറുടെ നീക്കങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നെന്ന് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേ മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിച്ചത് നാടിന് നിരക്കാത്ത രീതിയിലായിരുന്നു. ഭരണം സ്തംഭിപ്പിക്കാനായിരുന്നു ശ്രമം. കൃത്യമായ രാഷ്ട്രീയ ഇടപെടലുകളാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയതെന്നും അത് കേന്ദ്രസര്‍ക്കാര്‍ സമീപനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍വകലാശാലകള്‍ ഭരിക്കേണ്ടത് അക്കാദമിക് നിലവാരമുള്ളവരാണ്. പുതിയ യുജിസി ഭേദഗതി അംഗീകരിക്കാനാകില്ല. ഭേദഗതിപ്രകാരം സര്‍വകലാശാലയുടെ തലപ്പത്ത് ആര്‍ക്കും വന്നിരിക്കാമെന്ന സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകലാശാലകളുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുത്തുന്ന യുജിസി നിയമ ഭേദഗതിയെ എല്ലാത്തരത്തിലും എതിര്‍ക്കും. സര്‍വകലാശാലകളുടെ ജനാധിപത്യ സ്വഭാവം പ്രധാനപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേരളത്തിലെ ജനങ്ങളുടെ നല്ലതിനുവേണ്ടി സംസ്ഥാന സര്‍ക്കാരുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പ്രതികരിച്ചു. മുന്‍ ഗവര്‍ണര്‍ അദ്ദേഹത്തിന്റെ ചുമതല ഭംഗിയായി നിര്‍വഹിച്ചുവെന്നും കേരളത്തിലെ സര്‍ക്കാരും ജനങ്ങളും മികച്ചതാണെന്നും അര്‍ലേക്കര്‍ കൂട്ടിച്ചേര്‍ത്തു.

Higher education governor rajendra arlekar kerala cm pinarayi vijayan