/kalakaumudi/media/media_files/2025/12/20/ramnara-2025-12-20-10-57-46.jpg)
പാലക്കാട് :ഭാര്യയും എട്ടും പത്തും വയസ്സുള്ള രണ്ട് മക്കളും ഉൾപ്പെട്ട കുടുംബം പോറ്റുന്നതിനായി ജോലി തേടി കേരളത്തിലെത്തിയ ഛത്തീസ്ഗഢ് സ്വദേശി രാംനാരായൺ ഭയ്യ ക്രൂരമായ ആൾക്കൂട്ടമർദ്ദനത്തിൽ മരണപ്പെട്ടു എന്ന വാർത്ത അതീവ സങ്കടത്തോടെ ആയിരുന്നു എല്ലാവരും അറിഞ്ഞത് .
'നീ ബംഗാളിയാണോ അതോ ബംഗ്ലാദേശിയോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ഒരു കൂട്ടം നീച മനുഷ്യർ അദ്ദേഹത്തെ ആൾക്കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയത് .
മനുഷ്യ മനസാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു രാംനാരായണിനെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ ഹിതേഷ് ശങ്കർ വെളിപ്പെടുത്തിയത് .
ഡോക്ടറുടെ കുറിപ്പ്
പ്രിയരേ, നിങ്ങളുമായി സംവദിച്ചിട്ടു ഒത്തിരി നാളായി .ഇന്ന് എന്റെ മനസ്സിനെ അത്യന്തം വേദനിപ്പിച്ച ഒരു പോസ്റ്റ്മോർട്ടം പരിശോധനയുടെ അനുഭവത്തെക്കുറിച്ച്, ഒരു ഡോക്ടറായും ഒരു മനുഷ്യനായും, പൊതുസമൂഹത്തോട് ചിലത് പറയണം എന്ന് തോന്നി.
ജോലി തേടി നമ്മുടെ നാട്ടിലെത്തിയ ഒരു അഥിതി തൊഴിലാളിയെ കൂട്ടമായി നാം തല്ലിക്കൊന്നു.
സ്വയം “പ്രബുദ്ധർ” എന്ന് ഉറക്കെ അവകാശപ്പെടുന്ന കേരളീയർ – മലയാളികൾ തന്നെയാണ് ഇത് ചെയ്തത് എന്നത് നമ്മെ കൂടുതൽ ലജ്ജിപ്പിക്കേണ്ട കാര്യമാണ്.
ഇതിന്റെ മുമ്പിൽ കേരളസമൂഹം തല താഴ്ത്തണം.ചണ്ഡീഗഡിൽ നിന്ന് പുതുതായി ജോലിക്കെത്തിയ ആ മനുഷ്യൻ,ഗൃഹാതുരത്വം കൊണ്ടും ജീവിതസമ്മർദ്ദങ്ങൾ കൊണ്ടുംമാനസികമായി തളർന്നുപോയ ഒരു സാധുവായിരുന്നു.
അവനെ നാം തെരുവിൽ വീണു മരിക്കാൻ വിധിച്ചു. പോസ്റ്റ്മോർട്ടം പരിശോധനയിൽ,ശരീരത്തിൽ അടിയേറ്റ് കേടുപാടില്ലാത്ത ഒരിടം പോലും കണ്ടില്ല.
പിന്നാമ്പുറത്തും നെഞ്ചിലും കൈകാലുകളിലും തലച്ചോറിലും —എല്ലായിടത്തും ക്രൂരതയുടെ അടയാളങ്ങൾ.
അത് ഒരു നിമിഷത്തെ കോപമല്ല,കൂട്ടമനസ്സിന്റെ അന്ധതയും മനുഷ്യത്തിൻറെ പൂർണ്ണ അഭാവവും ആയിരുന്നു.
കൂട്ടമർദ്ദനം നടത്തിയവരിൽ ഒരാളെങ്കിലും “ഇത് വേണ്ട” എന്ന് പറഞ്ഞിരുന്നെങ്കിൽ, ഒരാൾ പോലും കൈ ഉയർത്താതിരുന്നെങ്കിൽ,ഇന്ന് ഒരു മനുഷ്യൻ ജീവനോടെ ഉണ്ടാകുമായിരുന്നു .
അയാളുടെ കുടുംബത്തോട് കേരളസമൂഹം കടപ്പെട്ടിരിക്കുന്നു .സഹജീവിയെ തല്ലിക്കൊന്ന മനുഷ്യൻ മൃഗത്തേക്കാൾ ഭീകരനാണ്.
ഇത്തരം ക്രൂരതയെ ന്യായീകരിക്കാനോ സംരക്ഷിക്കാനോ നമ്മിൽ ആരും പാടില്ല.അത്തരക്കാരെ നിയമത്തിന് വിട്ടുകൊടുക്കുക.
സംരക്ഷിക്കരുത്. ന്യായീകരിക്കരുത്.
മൗനം പാലിക്കരുത്. ഇനിയും ഇതാവർത്തിക്കാതിരിക്കണമെങ്കിൽ,ഓരോ മലയാളിയും ഉണരണം. മനുഷ്യജീവിതത്തിന്റെ വില നമ്മുടെ വാക്കുകളിലല്ല,നമ്മുടെ പ്രവർത്തികളിലാണ് തെളിയേണ്ടതെന്നും ഡോക്ടർ പറയുന്നു .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
