/kalakaumudi/media/media_files/2025/01/30/xQJ4eUIzkSP6dQSbGV67.jpg)
Ramesg Chennithala
ആലപ്പുഴ: പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഒരു വകുപ്പുകളും അറിയാതെയാണ് സര്‍ക്കാര്‍ നീക്കം നടത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഘടക കക്ഷികളെയും സര്‍ക്കാര്‍ വിശ്വാസത്തിലെടുത്തില്ല. ആരോടും ആലോചിക്കാതെയാണ് പദ്ധതിയുമായി മുന്നോട്ട് പോയത്. ഡല്‍ഹി മദ്യനയ അഴിമതിക്കേസിലെ കമ്പനിക്കാണ് മദ്യനിര്‍മാണ ശാല തുടങ്ങാന്‍ അനുമതി നല്‍കിയത്.
പിന്നില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറിക്ക് അനുമതി നല്‍കിയത് നടപടികള്‍ പാലിച്ചാണ്. പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ചിരുന്നു. ചുരുക്കപട്ടിക തയ്യാറാക്കി തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയാണ് ബ്രൂവറിക്ക് അനുമതി നല്‍കിയത്.
സിപിഐ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ജെഡിഎസും എതിര്‍പ്പ് അറിയിച്ചുകഴിഞ്ഞു. ഘടകകക്ഷികളെ വിശ്വാസത്തില്‍ എടുക്കാതെയാണ് മുന്നോട്ട് പോകുന്നത്. നിയമസഭയില്‍ തന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് മുഖ്യമന്ത്രിയാണ്.
തിരിച്ച് ആരോപണം ഉന്നയിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇക്കാര്യത്തില്‍ എക്‌സൈസ് മന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറി. 2019നുശേഷം ബ്രൂവറി ആരംഭിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. നിയമസഭയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. ആദ്യം അപേക്ഷ നിരസിച്ച കമ്പനിക്ക് നയം മാറ്റി വീണ്ടും എങ്ങനെ അനുമതി നല്‍കിയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഭൂഗര്‍ഭജലം ക്ഷാമം നേരിടുന്ന സ്ഥലം ആണ് എലപ്പുള്ളി. മഴ വെള്ളസംഭരണി മാതൃകയില്‍ പദ്ധതി നടപ്പാക്കുമെന്നാണ് മന്ത്രി പറയുന്നത്. 2000ത്തില്‍ ആരംഭിച്ച പദ്ധതി 2025 ല്‍ ആണ് പൂര്‍ണമായും കമ്മീഷന്‍ ചെയ്യുന്നത്. മഴക്കുഴിക്ക് മാത്രമായി പതിനഞ്ച് ഏക്കര്‍ സ്ഥലം വേണം. പെയ്യുന്ന മഴ മുഴുവന്‍ സംഭരിക്കുക അവിടെ അസാധ്യമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ കമ്പനിക്ക് ആകെ 26 ഏക്കര്‍ മാത്രമാണുള്ളത്. ഫാക്ടറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ ഈ സ്ഥലം ഉപയോഗപ്പെടുത്തണം.
ഭൂഗര്‍ഭ ജലം ഉപയോഗിക്കാനാണ് കമ്പനിക്ക് ആദ്യം അനുമതി നല്‍കിയത്. ഇത് വിവാദമായപ്പോഴാണ് മഴവെള്ളം എന്നാക്കിയത്. എംബി രാജേഷ് പറയുന്നത് പോലെ മഴയും പാലക്കാട് ലഭിക്കില്ല. മലമ്പുഴ ഡാമിലെ വെള്ളം കാര്‍ഷിക ആവശ്യത്തിനുള്ളതാണ്.
ഹൈക്കോടതി തന്നെ ഇത് പറഞ്ഞിട്ടുണ്ട്. പദ്ധതിക്ക് ജനങ്ങള്‍ എതിരാണ്. ഉത്തരവ് പോലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അവിടെ ഉല്‍പാദിപ്പിക്കേണ്ടത് മദ്യം അല്ലെന്നും നെല്ലാണെന്നും ആകെ മൊത്തം ദുരൂഹതയാണെന്നും ഒരു കാരണവശാലം പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.