![Screenshot 2025-06-28 at 12-32-44 റേഞ്ച്റോവർ അപകടം ട്രേഡ് യൂണിയന്റെ വാദങ്ങൾ തള്ളി മോട്ടോർ വാഹന വകുപ്പ് റോഷന്‍റെ കുടുംബത്തിന് സർക്കാർ ധനസഹായമെന്ന് അസോസിയേഷൻ Kochi Range Rover Accident Motor Vehicles Department Rejects Trade Un[...]](https://img-cdn.publive.online/fit-in/1280x960/filters:format(webp)/kalakaumudi/media/media_files/2025/06/28/screenshot-de-2025-06-28-12-47-58.png)
കൊച്ചി: കൊച്ചിയിലെ റേഞ്ച്റോവർ അപകടമുണ്ടായത് ഡ്രൈവറുടെ പിഴവ് മൂലമെന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.വാഹനത്തിന് സാങ്കേതിക തകരാർ ഉണ്ടായിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞു. അപകടത്തിനിടയാക്കിയ കാർ ഇറക്കിയ അൻഷാദിന് ആഢംബര കാർ ഓടിക്കുന്നതിൽ പരിചയക്കുറവ് ഉണ്ടായിരുന്നുവെന്നും ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അസ്സിം വി.ഐ കലാകൗമുദിയോട് പറഞ്ഞു.
എറണാകുളം ആർ ടി ഓ യുടെ നിർദ്ദേത്തെ തുടർന്ന് എം.വി.ഐ മാരായ വി.എ അസിം ,ദീപു പോൾ, എ.എം.വി.ഐ ജിജോ വിജയ് എന്നിവരുടെ നേത്യത്ത്വത്തിൽ അപകടത്തിൽപ്പെട്ട വാഹനം ഉൾപ്പടെ നടത്തിയ പരിശോധനയിലാണ് അപകടത്തിൽപ്പെട്ട കാറിന് യാതൊരുവിധ യന്ത്ര തകരാറും ഇല്ലെന്ന് കണ്ടെത്തിനിർണ്ണായക കണ്ടെത്തൽ. അൻഷാദിന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്യുന്നതടക്കമുള്ള നടപടികൾ ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.വിദഗ്ധ പരിശീലനം ലഭിച്ച ട്രേഡ് യൂണിയൻ അംഗങ്ങളെ മാത്രമേ ഇത്തരം ജോലികൾക്ക് നിയോഗിക്കാവൂയെന്ന് കേരള ഓട്ടോ മൊബൈൽ ഡീലേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. ട്രേഡ് യൂണിയനുകൾ ഇക്കാര്യം ഉറപ്പു വരുത്തണമെന്ന് അസോസിയേഷൻ അഡ്മിനിസ്ട്രേറ്റർ രഞ്ജിത്ത് ആവശ്യപ്പെട്ടു. അപകടത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിയമനിർമാണം നടത്തണമെന്നും നോക്കൂകൂലി വാങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഓട്ടോ മൊബൈൽ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു. അപകടത്തിൽ മരിച്ച റോഷന്‍റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30 നായിരുന്നു സംഭവം. കൊച്ചിയിലെ ആഡംബര കാർ ഷോറൂമിന്റെ യാർഡിലേക്ക് എത്തിയ കണ്ടെയ്നർ ട്രക്കിൽ നിന്നും കാർ ഇറക്കാൻ മൂന്ന് പേരാണ് എത്തിയത്. അപകടത്തിൽ മരിച്ച ഷോറൂം ജീവനക്കാരൻ മട്ടാഞ്ചേരി സ്വദേശി റോഷൻ ആന്റണി സേവ്യർ, വാഹനം ഇറക്കാൻ എത്തിയ ട്രേഡ് യൂണിയൻ തൊഴിലാളികളായ അൻഷാദ്, അനീഷ് എന്നിവരാണ് കാർ ഇറക്കിയത്. അൻഷാദ് കണ്ടെയ്നറിനുള്ളിലെ ആഢംബര കാറിന്റെ ഡ്രൈവർ ആയും, അനീഷും റോഷനും നിർദേശം നൽകാൻ താഴെ രണ്ടു വശങ്ങളിലും നിന്നു കൊണ്ട് വാഹനം സ്റ്റാർട്ട് ചെയ്തു. എന്നാൽ നിമിഷങ്ങൾക്കകം വാഹനം പിന്നോട്ട് കുതിച്ചു അനീഷിനെയും റോഷനെയും ഇടിച്ചിടുകയായിരുന്നു. പിന്നെയും പിറകോട്ട് കുതിച്ചു പിറകിലെ മാർബിൾ ഗോഡൗണിന്റെ മതിലിൽ ഇടിച്ചു കയറുകയായിരുന്നു. വീണ്ടും മുൻപോട്ട് നീങ്ങി വൈദ്യുതപോസ്റ്റ് ഇടിച്ചിട്ട ശേഷം നിന്ന വാഹനത്തിന്റെ പിൻവശം പൂർണമായും തകർന്നു. ടയറുകളും ചില്ലും പൊട്ടി. ഗുരുതരമായി പരിക്കേറ്റ റോഷൻ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. അനീഷിന് നെറ്റിയിലും കൈയ്ക്കും പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്. അൻഷാദിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ അടക്കം വകുപ്പുകൾ ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്തു.