/kalakaumudi/media/media_files/BH4sqoq7W4GLgoDiaxN7.jpg)
ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ ബംഗാളി നടി ശ്രീലേഖ മിത്ര സംവിധായകനും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചിരുന്നു. പലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ മോശമായി പെരുമാറിയതെന്നാണ് ശ്രീലേഖ പറഞ്ഞത്.
എന്നാൽ വെളിപ്പെടുത്തലിന് പിന്നാലെ ആരോപണം നിഷേധിച്ച് രഞ്ജിത്ത് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ശ്രീലേഖയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോക്യുമെൻററി സംവിധായകൻ ജോഷി ജോസഫ്. കൊച്ചിയിൽ വച്ചാണ് സംഭവം നടന്നതെന്നും സംവിധായകൻ രഞ്ജിത്തിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് ശ്രീലേഖ തന്നോട് പറഞ്ഞെന്നും താൻ സാക്ഷിയാണെന്നും എവിടെ വേണമെങ്കിലും പറയാൻ തയ്യാറാണെന്നും ജോഷി പറഞ്ഞു. അക്കാലത്ത് തന്നെ സാമൂഹ്യപ്രവർത്തകനായ ഫാദർ അഗസ്റ്റിൻ വട്ടോളിയോടും എഴുത്തുകാരി കെ ആർ മീരയോടും ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ജോഷി ജോസഫ് കൂട്ടിചേർത്തു.
“ശ്രീലേഖ പറഞ്ഞത് ശരിയാണ്. ആ സമയത്ത് ഞാൻ കൊച്ചിയിൽ ഉണ്ടായിരുന്നു. അക്സിഡൻറലായി ശ്രീലേഖയെ വിളിച്ചപ്പോൾ ആണ് ഇക്കാര്യം പറഞ്ഞത്. അവരെന്തോ പ്രശ്നത്തിലാണെന്ന് ഫോണിലൂടെയുള്ള സംഭാഷണത്തിൽ മനസിലായി. പിന്നീട് തമ്മനത്തുള്ള ഹോട്ടലിൽ നിന്ന് താനാണ് പോയി ഇവരെ വിളിച്ചുകൊണ്ടുവന്നത്. കാരണം ഞാനാണ് ഇവരെ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിട്ടുള്ള ശങ്കറിനെ പരിചയപ്പെടുത്തിയത്. ഇൻറർവ്യൂവിൽ പറഞ്ഞത് തന്നെയാണ് എന്നോട് അന്ന് പറഞ്ഞത്. എനിക്ക് നേരെയും ദേഷ്യം പ്രകടിപ്പിച്ചു.
സംവിധായകൻ രഞ്ജിത്തിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് എന്നോട് വ്യക്തമാക്കി. ആക്കാലത്ത് തന്നെ സാമൂഹ്യപ്രവർത്തകനായ ഫാദർ അഗസ്റ്റിൻ വട്ടോലിയോടും പറഞ്ഞിരുന്നു. എഴുത്തുകാരി കെ ആർ മീരക്കും അറിയാം. ഈ സംഭവത്തിന് ഞാൻ സാക്ഷിയാണ്. എവിടെ വേണമെങ്കിലും പറയാൻ തയ്യാറാണ്.” എന്നാണ് ജോഷി ജോസഫ് പറഞ്ഞത്.
ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ:
“ചിത്രത്തിന്റെ പ്രതിഫലം, കഥാപാത്രം, ധരിക്കേണ്ട വസ്ത്രങ്ങൾ എന്നീ കാര്യങ്ങൾ സംസാരിക്കുന്ന വേളയിലാണ് കൊച്ചിയിൽ വച്ച് തനിക്ക് ദുരനുഭവം ഉണ്ടായത്. നിർമ്മാതാവിനെ അടക്കം പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് സംവിധായകൻ വിളിച്ചത്. പെട്ടെന്ന് സംവിധായകൻ സംസാരിക്കണമെന്ന് പറഞ്ഞ് അടുത്തേക്ക് വന്നു. ആദ്യം അയാൾ വളകളിൽ തൊടാൻ തുടങ്ങി. ഇത്തരം വളകൾ കണ്ടിട്ടില്ലാത്തതു കൊണ്ടാണെന്ന് ആദ്യം കരുതി. തന്റെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടാകുന്നില്ലെന്ന് കണ്ടപ്പോൾ അയാൾ മുടിയിഴകളിൽ തലോടാൻ തുടങ്ങി. കഴുത്തിനരികിലേക്ക് സ്പർശനം നീണ്ടപ്പോൾ മുറിയിൽ നിന്നിറങ്ങി. ടാക്സി പിടിച്ച് അവിടെ നിന്ന് രക്ഷപ്പെട്ടു. ആ രാത്രി വല്ലാതെ ഭയപ്പെട്ടാണ് കേരളത്തിൽ കഴിച്ചു കൂട്ടിയത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. ഒറ്റയ്ക്ക് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങി.”
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
