റാപ്പര്‍ വേടന് വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

അന്വേഷണ സംഘത്തിന് മുന്നില്‍ വേടന്‍ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിര്‍ദേശിച്ചു

author-image
Biju
New Update
jfshkskns

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വ്യവസ്ഥകളോടെയാണ് കോടതി വേടന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 9 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചു. അന്വേഷണ സംഘത്തിന് മുന്നില്‍ വേടന്‍ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിര്‍ദേശിച്ചു. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലാണ് വേടന് ജാമ്യം ലഭിച്ചിരിക്കുന്നത്. യുവഡോക്ടറാണ് വേടനെതിരെ പീഡന പരാതി നല്‍കിയത്. 

കേസെടുത്തതു മുതല്‍ ഒളിവിലായിരുന്നു വേടന്‍. അന്തിമ ഉത്തരവ് വരും വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമുളള ബന്ധമാണുണ്ടായതെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ ആ ബന്ധത്തെ ബലാത്സംഗമെന്ന് വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമാണ് വേടന്‍ കോടതിയില്‍ വാദിച്ചത്. ബന്ധത്തിന്റെ തുടക്കത്തില്‍ യുവതിയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നു, പിന്നീട് ബന്ധം വഷളാവുകയായിരുന്നുവെന്നും വേടന്റെ അഭിഭാഷകന്‍ കോടതയില്‍ വാദിച്ചിരുന്നു. അതുകൊണ്ടു തന്നെ അവര്‍ക്കിടയില്‍ നടന്ന ലൈംഗിക ബന്ധം ബലാത്സംഗമാകുമോ എന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം.

വിഷാദത്തിലായതിനാലാണ് പരാതി നല്‍കാന്‍ വൈകിയത് എന്നായിരുന്നു വേടന്റെ വാദങ്ങളോടുള്ള അതിജീവിതയുടെ മറുപടി. ഈ കാലയളവില്‍ ജോലി ചെയ്തിരുന്നുവോ എന്നു കോടതി ചോദിച്ചപ്പോള്‍ വിഷാദ രോഗത്തിലായിരുന്നു എന്നു പറയുന്ന കാലത്തും പരാതിക്കാരി ജോലി ചെയ്തിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ നിയമ പ്രശ്നങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്നാണ് അതിജീവിതയുടെ അഭിഭാഷകയോടു കോടതി പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ വന്നതും ഫാന്‍സും പൊതുജനങ്ങളും പറയുന്നതും കോടതിയില്‍ പറയരുതെന്നും കോടതി പറഞ്ഞു. വേടനെതിരെ പൊലീസ് പുതിയ എഫ്‌ഐആര്‍ ഇട്ട കാര്യവും അതിജീവിതയുടെ അഭിഭാഷക കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇരുകൂട്ടരുടെയും വാദം പൂര്‍ത്തിയായതോടെ കേസില്‍ വിധി പറയാന്‍ ഇന്നത്തേക്ക് കോടതി മാറ്റുകയായിരുന്നു.