/kalakaumudi/media/media_files/2025/01/26/zUS65F3fkjp0rWtvgnUn.jpg)
ration
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ നാളെ മുതല്‍ പണിമുടക്ക് സമരം പ്രഖ്യാപിച്ചു. എന്നാല്‍ നടത്താനിരിക്കുന്ന കടയടച്ചുള്ള പണിമുടക്ക് സമരത്തില്‍ നിന്നും പിന്‍മാറണമെന്നാണ് സര്‍ക്കാരിന് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ജനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള ഒരു സമരത്തെയും സര്‍ക്കാരിന് അംഗീകരിക്കുവാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് മുടക്കം കൂടാതെ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിക്കുക എന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.
ആരുടെ വീഴ്ച്ചകൊണ്ടാണോ ജനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ നിഷേധിക്കപ്പെട്ടത് അവര്‍ ഗുണഭോക്താക്കള്‍ക്ക് ഫുഡ് സെക്യൂരിറ്റി അലവന്‍സ് നല്‍കേണ്ടിവരും. ഇവിടെ സര്‍ക്കാരിന്റെ വീഴ്ചകൊണ്ടല്ല ജനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ മുടങ്ങുന്നത്.
എന്‍എഫ്എസ്എ നിയമ പ്രകാരം അര്‍ഹതപെട്ട ഭക്ഷ്യധാന്യം ലഭിക്കാത്ത സാഹചര്യത്തില്‍ ഗുണഭോക്താവിന് ഫുഡ് സെക്യൂരിറ്റി അലവന്‍സ് നല്‍കാന്‍ പ്രസ്തുത നിയമം വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ വാതില്‍പടി വിതരണം പൂര്‍ത്തിയാക്കുകയും തുടര്‍ന്നും ഭക്ഷ്യ ധാന്യങ്ങള്‍ ധാന്യങ്ങള്‍ ജനങ്ങളിലേക്ക് വിതരണം ചെയ്യാന്‍ തയ്യാറാവുകയും ചെയ്യുന്ന സാഹചര്യത്തില്‍, റേഷന്‍ വ്യാപാരികള്‍ എത്തിക്കാന്‍ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം ഗുണഭോക്താവിന് അവര്‍ ഫുഡ് സെക്യൂരിറ്റി അലവന്‍സ് നല്‍കേണ്ടിവരുമെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി.
സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ പണിമുടക്കിലേക്ക് പോകുന്ന സാഹചര്യത്തില്‍ ഏതു വിധത്തിലും ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നാളെ മുതല്‍ പൊതുവിതരണ വകുപ്പില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും ഹാജരാകുവാനും ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സിവില്‍ സപ്ലൈസ് ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കണ്‍ട്രോള്‍ റൂം നമ്പര്‍ : 9188527301.
ഈ മാസം 63.82 ശതമാനം കാര്‍ഡ് ഉടമകള്‍ ഇതിനോടകം റേഷന്‍ കൈപറ്റിയിട്ടുണ്ട്. മുന്‍ഗണന വിഭാഗത്തില്‍പെടുന്ന എ എ വൈ വിഭാഗത്തിലെ 86 ശതമാനം പേരും പി എച്ച് എച്ച് വിഭാഗത്തില്‍പെടുന്ന 78 ശതമാനം പേരും ഈ മാസം റേഷന്‍ കൈപറ്റിയിട്ടുണ്ട്.
നിലവില്‍ സംസ്ഥാനത്ത് 330 റേഷന്‍ കടകള്‍ സഹകരണ സ്ഥാപനങ്ങളുടെ കീഴില്‍ നടന്നു വരുന്നു. സംസ്ഥാനത്ത് 156 കടകള്‍ താല്‍കാലിക ലൈസന്‍സികളാണ് നടത്തി വരുന്നത്. ഒരു കട സപ്ലൈകോ ആണ് നടത്തുന്നത്. മേല്‍ പരാമര്‍ശിച്ച റേഷന്‍ കടകള്‍, അതായത് 487 റേഷന്‍ കടകള്‍ നാളെ തുറന്നു പ്രവര്‍ത്തിക്കും.
കേന്ദ്ര സര്‍ക്കാര്‍ എഫ്‌സിഐ വഴി സംസ്ഥാനത്തിന് അനുവദിക്കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന ഇടനിലക്കാര്‍ മാത്രമാണ് റേഷന്‍ കട ലൈസന്‍സികള്‍. പ്രസ്തുത ഭക്ഷ്യ ധാന്യങ്ങള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യാതെ കട അടച്ചിട്ട് സമരം ചെയ്യുന്ന സമീപനം ശരിയാണോ എന്ന് റേഷന്‍ വ്യാപാരികള്‍ പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
