/kalakaumudi/media/media_files/2025/06/30/ra2af-2025-06-30-17-45-00.jpg)
തിരുവനന്തപുര: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ നാളെ രാവിലെ ചുമതലയേല്‍ക്കും. കേന്ദ്രസര്‍വീസില്‍ നിന്ന് അദ്ദേഹത്തിന് വിടുതല്‍ നല്‍കി. കേന്ദ്ര ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. നാളെ രാവിലെ എട്ട് മണിക്കാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. നാളെ കണ്ണൂരില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കേരള കേഡറില്‍ 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖര്‍ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. സംസ്ഥാനത്തിന്റെ 41ാം പൊലീസ് മേധാവിയായാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. 2026 ജൂലായ് വരെയാണ് അദ്ദേഹത്തിന് സര്‍വീസുള്ളത്. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ യുപിഎസ്സി നല്‍കിയ ചുരുക്കപ്പട്ടികയിലെ ഒന്നാമനായിരുന്ന നിതിന്‍ അഗര്‍വാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറെ പൊലീസ് മേധാവി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
കൂത്തുപറമ്പ് വെടിവയ്പ്പ് കേസില്‍ രണ്ട് പതിറ്റാണ്ടോളം പ്രതി സ്ഥാനത്തായിരുന്ന റവാഡ ചന്ദ്രശേഖറെ പൊലീസ് മേധാവിയാക്കിയതില്‍ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നുണ്ട്. റവാഡയ്ക്ക് എതിരെ പാര്‍ട്ടി നടത്തിയ സമരം ഓര്‍മിപ്പിച്ച് പി ജയരാജന്‍, നിയമനത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് പറഞ്ഞു. റവാഡയെ പ്രതിസ്ഥാനത്തുനിന്ന് കോടതി ഒഴിവാക്കിയതാണെന്നും സര്‍ക്കാര്‍ നടത്തിയ നിയമനത്തില്‍ പാര്‍ട്ടി ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. മന്ത്രിയുടെ ജീവന്‍ അപകടത്തിലായപ്പോഴാണ് കൂത്തുപറമ്പില്‍ വെടിവയ്പ്പുണ്ടായതെന്ന് വിഡി സതീശനും പ്രതികരിച്ചു.