/kalakaumudi/media/media_files/2025/06/30/ravadaff-2025-06-30-12-02-33.jpg)
രവത ചന്ദ്രശേഖറിന്റെ നിയമനം, കണ്ണൂര്‍ ലോബിയില്‍ രോഷം പുകയുന്നു
ശ്രീകുമാര്‍ മനയില്‍
രവത ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ച സംഭവത്തില്‍ സിപിഎമ്മിലെ കണ്ണൂര്‍ ലോബിയില്‍ രോഷം പുകയുകയാണ്. പി ജയരാജന്‍ മാത്രമാണ് അസംതൃപ്തി പുറത്ത് പ്രകടിപ്പിച്ചതെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുളളവര്‍ക്ക് ഈ വിഷയത്തില്‍ ശക്തിയായ പ്രതിഷേധമുണ്ട്.
കൂത്തുപറമ്പുവെടിവപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അന്നത്തെ ഡിവൈഎസ്പിയായിരുന്ന ഹക്കിം ബത്തേരിയും, എക്‌സിക്കുട്ടീവ് മജിസ്‌ട്രേറ്റിന്റെ ചുമതല വഹിച്ചിരുന്ന ഡെപ്യുട്ടി കളക്റ്റര്‍ ടിടി ആന്റെണിയുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെകെ രാഗേഷ് ഇന്ന് പത്ര സമ്മേളനത്തിലൂടെ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചങ്കിലും കണ്ണൂരിലെ ഉന്നത നേതാക്കള്‍ പലരും ഈ നിയമനത്തില്‍ അസ്വസ്ഥരാണ്. വെടിവയ്പ്പ് നടന്ന കാലത്ത് രവതാ ചന്ദ്രശേഖറിനെതിരെ വലിയ പ്രചാരണമാണ് സിപിഎം അഴിച്ചുവിട്ടിരുന്നത്. ഇപ്പോള്‍ അതെല്ലാം വിഴുങ്ങേണ്ടി വന്ന ഗതികേടിലാണ് കണ്ണൂര്‍ ജില്ലയിലെ സിപിഎം നേതൃത്വം.രക്തസാക്ഷി കുടുബങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് എന്ത് മറുപടി നല്‍കുമെന്ന ചിന്താക്കുഴപ്പത്തിലാണ് കണ്ണൂരിലെ സിപിഎമ്മിലെ പ്രാദേശിക നേതൃത്വങ്ങള്‍. എംവി രാഘവനെ അദ്ദേഹം മരണത്തിന്റെ വക്കത്തെത്തിയപ്പോഴാണ് സിപിഎം പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. അതുമായി ബന്ധപ്പെട്ടും നിരവധി വിമര്‍ശനങ്ങളുണ്ടായിരുന്നു.
കണ്ണൂര്‍ ലോബിയില്‍ പി ജയരാജന്‍ മാത്രമാണ് നിലവില്‍ രവതാ ചന്ദ്രശേഖറിന്റെ നിയമനത്തിനെതിരെ രംഗത്തുവന്നതെങ്കിലും ഇപി ജയരാജന്‍, കെകെ ഷൈലജ തുടങ്ങിയവര്‍ക്കും ഇക്കാര്യത്തില്‍ കടുത്ത എതിര്‍പ്പുണ്ട്. കണ്ണൂരിലെ സിപിഎം അണികള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ളയാളാണ് പി ജയരാജന്‍. ഒരു പക്ഷെ പിണറായിയെക്കാള്‍ സ്വാധീനം അവകാശപ്പെടാന്‍ കഴിയുന്നയാളാണ് അദ്ദേഹം. പി ജയരാജന്‍ കഴിഞ്ഞ ദിവസം ഡിജിപി നിയമനത്തിനെതിരെ പരസ്യമായി രംഗത്തുവന്നത് കൊണ്ടാണ് ഇന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെക്കൊണ്ട് തിടുക്കത്തില്‍ പത്ര സമ്മേളനംനടത്തിച്ച് രവതാ ചന്ദ്രശേഖറിന് വെടിവപ്പില്‍ പങ്കില്ലന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചത്. പക്ഷെ അതുകൊണ്ടെന്നും കണ്ണൂരിലെ പാര്‍ട്ടി അണികളെ തണുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. പി ജയരാജനെപ്പോലുള്ള പിണറായി വിരുദ്ധര്‍ ഇത് സര്‍ക്കാരിനെതിരെ നന്നായി ഉപയോഗിക്കുമെന്ന കാര്യം ഉറപ്പാണ്.
പി ജയരാജന്റെ വിമര്‍ശനങ്ങളെ തല്‍ക്കാലം അവഗണിക്കാനാണ് സിപിഎം സംസ്ഥാന നേതൃത്വം തിരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ജില്ലയിലെ പാര്‍ട്ടി കമ്മിറ്റികളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഈ വിഷയം പൊന്തിവരും. അപ്പോഴുണ്ടാകുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സിപിഎം നേതൃത്വം ശരിക്കും വിഷമിക്കും. തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിന് ഇനി കേവലം ആറുമാസവും നിയമസഭാ തെരെഞ്ഞെടുപ്പിന് പത്തുമാസവും മാത്രമേ ബാക്കിയുള്ളു എന്നിരിക്കെ പാര്‍ട്ടി അണികളില്‍ നിന്നും ഇക്കാര്യത്തിലുണ്ടാകുന്ന എതിര്‍പ്പ്് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരില്‍ പ്രതിഫലിക്കുമോ എന്ന ഭയവും പാര്‍ട്ടി നേതൃത്വത്തിനുണ്ട്.