/kalakaumudi/media/media_files/lEAUrtep0SGHaZ0HAytf.jpg)
റിക്രൂട്ട്‌മെന്റ് മാഫിയയുടെ ചതിയില്‍പ്പെട്ടു റഷ്യയിലെത്തി മലയാളികള്‍ കൂലിപ്പട്ടാളത്തില്‍ ചേരാനിടയായ സാഹചര്യത്തെക്കുറിച്ചു പ്രത്യേക അനേ്വഷണത്തിനു സര്‍ക്കാര്‍. എ.ഡി.ജി.പി: എസ്. ശ്രീജിത്തിനാണ് അനേ്വഷണച്ചുമതല. ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാതെയാണ് പോലീസ് ആസ്ഥാനം എ.ഡി.ജി.പിയായ ശ്രീജിത്തിനു പ്രത്യേക ഉത്തരവിലൂടെ അനേ്വഷണച്ചുമതല നല്‍കിയത്.റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്നു യുദ്ധത്തില്‍ പങ്കെടുത്ത തൃശൂര്‍ സ്വദേശി കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബു കൊല്ലപ്പെട്ടതു ഡ്രോണ്‍ ആക്രമണത്തിലാണെന്നു കുടുംബത്തിനു സന്ദേശം കിട്ടിയിരുന്നു. യുക്രൈന്‍ ആക്രമണത്തിലാണു ബിനില്‍ ബാബു മരിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജെയിനാണ് ഇൗ വിവരം ബന്ധുക്കളെ അറിയിച്ചത്. മരിച്ച ബിനില്‍ ബാബുവിന്റെ സുഹൃത്താണ് ജെയിന്‍. കഴിഞ്ഞ അഞ്ചിനു കൊല്ലപ്പെട്ട ബിനിലിന്റെ മൃതദേഹം ആറിനാണ് ജെയിന്‍ കണ്ടത്. തൊട്ടുപിന്നാലെയുണ്ടായ ആക്രമണത്തില്‍ ജെയിനും പരുക്കേറ്റു. നിരവധി മലയാളികള്‍ അടുത്ത കാലത്തു റഷ്യന്‍ കൂലിപട്ടാളത്തിന്റെ ഭാഗമായിമാറിയിരുന്നു. റഷ്യയ്ക്കുവേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘം കേരളത്തില്‍ സജീവമാണ്. സി.ബി.ഐ. ഇക്കാര്യം അനേ്വഷിക്കുന്നുണ്ട്. ഇതിനു പുറമേയാണു സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അനേ്വഷണത്തിനു തീരുമാനിച്ചത്.