തിരുവനന്തപുരം: അതിതീവ്ര മഴയ്ക്ക് സാധ്യതയുളള നാല് ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പായാണ് സൈറണുകള്‍ മുഴക്കുകയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് അതിതീവ്രമായ മഴക്കാണ് സാധ്യതയുള്ളത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ചൊവ്വാഴ്ച വെകുന്നേരം 5 മണിക്ക് ഈ നാല് ജില്ലകളിലും സൈറണ്‍ മുഴങ്ങും.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള 'കവചം' മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകളാണ് മുഴങ്ങുക. പരീക്ഷണങ്ങള്‍ക്കും മോക് ഡ്രില്ലുകള്‍ക്കും ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് മുന്നറിയിപ്പ് നല്‍കുന്നതിനായി ഈ സൈറണുകള്‍ മുഴക്കുന്നത്. അതുകൊണ്ട് ഇന്നത്തെ സൈറണ്‍ യഥാര്‍ത്ഥ മുന്നറിയിപ്പ് തന്നെയാണ്.