/kalakaumudi/media/media_files/2025/08/27/guruvayoor_temple-2025-08-27-12-22-45.jpg)
ഗുരുവായൂർ: തീർഥക്കുളത്തിൽ ആചാരലംഘനം ഉണ്ടായതിനെ തുടർന്ന് ക്ഷേത്രത്തിൽ ചൊവ്വാഴ്ച പുണ്യാഹവും ശുദ്ധികർമങ്ങളും നടന്നു. 19 ശീവേലികളും 19 പൂജകളും നിവേദ്യങ്ങളും ആവർത്തിച്ചു. ആചാരലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആറു ദിവസം കണക്കാക്കിയുള്ള ശുദ്ധികർമങ്ങളാണ് നടന്നത്. കഴിഞ്ഞയാഴ്ച സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ യുവതി ക്ഷേത്രക്കുളത്തിലിറങ്ങി റീൽസ് ചിത്രീകരിച്ചതിനെ തുടർന്ന് തന്ത്രിയുടെ നിർദേശ പ്രകാരമാണ് ക്ഷേത്രത്തിൽ പുണ്യാഹവും ശുദ്ധിയും വേണ്ടി വന്നത്. സംഭവം വിവാദമായപ്പോൾ യുവതി സാമൂഹികമാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. എങ്കിലും അവരുടെ പേരിൽ ദേവസ്വം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.ആദ്യത്തെ ശീവേലി പുലർച്ചെ അഞ്ചിനായിരുന്നു. അവസാനത്തേത് ഉച്ചയ്ക്ക് ഒന്നരയ്ക്കും. രാവിലെ ഉഷഃപൂജയും ബലി തൂവലും മേൽശാന്തി കവപ്ര മാറാത്ത് അച്യുതൻ നമ്പൂതിരിയും ആവർത്തന ചടങ്ങുകൾ കക്കാട് കിരൺ ആനന്ദ് നമ്പൂതിരി, പൊട്ടക്കുഴി ആര്യൻ നമ്പൂതിരി, പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി,പഴയത്ത് കൃഷ്ണപ്രസാദ് നമ്പൂതിരി, മുന്നൂലം ഹരി നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലുള്ള ഓതിക്കൻമാരും നിർവഹിച്ചു. പിടിയാന ദേവിയും കൊമ്പൻമാരായ ബലറാമും ചെന്താമരാക്ഷനുമായിരുന്നു ശീവേലിക്ക് എഴുന്നള്ളിച്ചത്. ശാന്തിയേറ്റ കീഴ്ശാന്തിമാരായ അക്കാരപ്പിള്ളി മനു മാധവൻ നമ്പൂതിരിയും നാഗേരി ശ്രീരാഗ് നമ്പൂതിരിയും ഭഗവദ് തിടമ്പ് വഹിച്ചു.ക്ഷേത്രത്തിൽ പത്തു വർഷത്തിനുശേഷമാണ് ഒറ്റ ദിവസം ഇതുപോലെ ആവർത്തനച്ചടങ്ങുകൾ നടക്കുന്നത്. അവകാശികളായ പത്തുകാർക്കും കഴകക്കാർക്കും കീഴ്ശാന്തിമാർക്കും വിശ്രമമില്ലായിരുന്നു. തുടർച്ചയായുള്ള ചടങ്ങുകൾ കാരണം പുലർച്ചെ അഞ്ചുമുതൽ ഉച്ച വരെ ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചില്ല. ഓരോ ശീവേലിയും കഴിയുമ്പോൾ ഭക്തർക്ക് കൊടിമരത്തിനു മുന്നിൽ തൊഴാനുള്ള സൗകര്യമൊരുക്കി.നിയന്ത്രണങ്ങൾ കാരണം ദർശനത്തിന് പൊതുവെ ഭക്തർ കുറവായിരുന്നു. ചോറൂൺ, തുലാഭാരം, കല്യാണം എന്നിവയ്ക്ക് തടസ്സമുണ്ടായില്ല.