/kalakaumudi/media/media_files/2024/11/08/VfOrE5vDJlJE8V7e6Ief.jpeg)
അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ സാമൂഹിക മാധ്യമത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ എന്‍. പ്രശാന്തിനെതിരെ നടപടിയുണ്ടാകും. പ്രശാന്തിനെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ വ്യക്തമാക്കി. എന്ത് നടപടിയാണ് ഉണ്ടാകുക എന്ന് ഇപ്പോള്‍ വ്യക്തമല്ല. സംസ്ഥാനത്തെ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കൂടിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരായ പ്രശാന്തിന്റെ പരാമര്‍ശം ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കിടയിലും അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്രശാന്തിനെതിരായ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ജയതിലകിനെതിരെ പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. അടുത്ത ചീഫ് സെക്രട്ടറി എന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തിയെന്ന് ജയതിലകിനെ വിശേഷിപ്പിച്ച പ്രശാന്ത് അദ്ദേഹത്തിനെതിരായ ഫയലുകള്‍ പുറത്തുവിടുമെന്ന ഭീഷണിയും മുഴക്കി. കൂടാതെ 'മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി'യാണ് ജയതിലക് എന്ന് കമന്റ് ബോക്‌സിലും കുറിച്ചു. വിവാദമായതോടെ ഈ കമന്റ് അദ്ദേഹം നീക്കം ചെയ്തു.
പട്ടികജാതി വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായി രൂപവത്കരിച്ച ഉന്നതിയിലെ ഫയലുകള്‍ കാണാനില്ലെന്ന വാര്‍ത്തയാണ് പ്രശാന്തിനെ പ്രകോപിപ്പിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്. ഇതിനെതിരെയാണ് പ്രശാന്ത് രംഗത്തെത്തിയത്.
അധിക്ഷേപഭാഷയിലുള്ള പോസ്റ്റില്‍ വന്ന ഒരു കമന്റിന് മറുപടിയായാണ് പ്രശാന്ത് എ. ജയതിലക് ഐ.എ.എസിനെതിരെ 'ചിത്തരോഗി' പരാമര്‍ശം നടത്തിയത്. 'ഡോ. ജയതിലകിന്റെ റിപ്പോര്‍ട്ടുകള്‍ എങ്ങനെ ഇവര്‍ ചോര്‍ത്തുന്നു. ആരാണ് ഇടനിലക്കാര്‍' എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയായി, 'ഈ ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി' എന്നാണ് പ്രശാന്ത് കുറിച്ചത്.