ബന്ധുക്കള്‍ പറഞ്ഞത് തൂങ്ങിമരണമെന്ന്, പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകം

തലയ്ക്കുപിന്നിലും തലയുടെ മുകള്‍ ഭാഗത്ത് ഇരുവശങ്ങളിലും ശക്തമായ അടിയേറ്റതും തൊഴിയേറ്റ് ജനനേന്ദ്രിയം തകര്‍ന്നതുമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം സൂചനകള്‍

author-image
Prana
New Update
student death

തൂങ്ങിമരിച്ചെന്നു പറഞ്ഞ് ബന്ധുക്കള്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഇയാളെ മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയത്.
പള്ളിക്കുന്ന് വുഡ്‌ലാന്‍സ് എസ്‌റ്റേറ്റില്‍ കൊല്ലമറ്റത്ത് ബാബുവിന്റെ മകന്‍ ബിബിന്‍ ബാബു (29 ) ആണ് കൊല്ലപ്പെട്ടത്. തലയ്ക്കുപിന്നിലും തലയുടെ മുകള്‍ ഭാഗത്ത് ഇരുവശങ്ങളിലും ശക്തമായ അടിയേറ്റതും തൊഴിയേറ്റ് ജനനേന്ദ്രിയം തകര്‍ന്നതുമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കു ശേഷം ലഭിച്ച സൂചനകള്‍. ഇതേ തുടര്‍ന്ന് ജില്ലാ പൊലീസ് മോധാവി വിഷ്ണു പ്രദീപ് സംഭവസ്ഥലത്തെത്തി ഫോറന്‍സിക് സര്‍ജന്‍ ഡോ. ആദര്‍ശ് രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.
സംഭവത്തില്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ചൊവ്വാഴ്ച വൈകീട്ടാണ് അടുത്ത ബന്ധുക്കള്‍ അടങ്ങുന്ന സംഘം ബിബിന്‍ ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചത്. വീട്ടിലെ ശുചിമുറിയില്‍ മുണ്ടില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്നതായി കണ്ടു എന്നാണ് ആശുപത്രിയിലെ ഡ്യൂട്ടിയിലുള്ള ഡോക്ടറോട് ബന്ധുക്കള്‍ പറഞ്ഞിരുന്നത്. യുവാവ് മരിച്ചുകിടന്ന വീട് പോലീസ് പരിശോധിച്ചു. ഫോറന്‍സിക് വിദഗ്ദ്ധരും ശ്വാനസേനയും പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.
ബിബിന്‍ കോയമ്പത്തൂരില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്ക് എത്തിയ ഇയാള്‍ സഹോദരിയുടെ മകളുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ശേഷം തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

 

suicide postmortum report murder hospital