/kalakaumudi/media/media_files/NoB294vANX4PxAkWfGN5.jpeg)
കൈനകരി: കവിയും ഗ്രന്ഥകാരനും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകനുമായ പുന്നപ്ര പറവൂർ ‘സിതാര’യിൽ കൈനകരി സുരേന്ദ്രൻ അന്തരിച്ചു . ചലച്ചിത്ര പിന്നണി ഗായകൻ സുദീപ്കുമാറിന്റെ പിതാവാണ്. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ആലപ്പുഴയുടെ രാഷ്ട്രീയ - സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന കൈനകരി സുരേന്ദ്രൻ, സ്കൂൾ കലോത്സവ വേദികളിലെ വിധികർത്താവുമായിരുന്നു.
1967ൽ ആലപ്പുഴ എസ്.ഡി. കോളജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദവും ഒറ്റപ്പാലം എൻ.എസ്.എസ്. കോളജിൽ നിന്ന് ബി.എഡും നേടിയ ശേഷം മലപ്പുറത്ത് അധ്യാപകനായാണ് കൈനകരി സുരേന്ദ്രൻ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഒറ്റപ്പാലത്തും ആലപ്പുഴയിലെ ലിയോതർട്ടീന്ത് സ്കൂളിലും അധ്യാപകനായിരുന്നു. പിന്നീട് കെ.എസ്.ഇ.ബിയിൽ ഉദ്യോഗസ്ഥനായി. ദേശാഭിമാനി സ്റ്റഡി സർക്കിൾ ജില്ലാ ഭാരവാഹിയായി സാംസ്കാരിക പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി - സംസ്ഥാന സമിതി അംഗം, കുഞ്ചൻ സ്മാരക ട്രസ്റ്റ് മെമ്പർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: കെ.എം രാജമ്മ, മക്കൾ: സുദീപ് കുമാർ, സുധീഷ് കുമാർ (കെ.എസ്.ഇ.ബി എംപ്ലോയീസ് കോ ഓപറേറ്റീവ് സൊസൈറ്റി). മരുമക്കൾ: കലാമണ്ഡലം സോഫിയ, മായ മോൾ (സ്റ്റാഫ് നഴ്സ്, ഡബ്ള്യൂ ആന്റ് സി ഹോസ്പിറ്റൽ, ആലപ്പുഴ). വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ ഒരു മണിവരെ പറവൂരിലെ പുന്നപ്ര നോർത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.RELATED ARTICLES