/kalakaumudi/media/media_files/2026/01/11/joseph-2-2026-01-11-17-00-35.jpg)
തിരുവനന്തപുരം: പ്രമുഖ ശില്‍പി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ സാബു ജോസഫ് (77) അന്തരിച്ചു. തിരുവനന്തപുരത്തു വച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ പരേതരായ കെ.സി. ജോസഫ്, അച്ചാമ്മ ദമ്പതികളുടെ മകനാണ്. ഷെവലിയര്‍ ആര്‍ട്ടിസ്റ്റ് പി.ജെ.ചെറിയാന്റെ ചെറുമകനും സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാന്റെയും റോസമ്മ പുന്നൂസിന്റെയും സഹോദരപുത്രനാണ്. പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകന്‍ സാലൂ ജോര്‍ജ് സഹോദരനാണ്. ഭാര്യ: കാഞ്ഞിരപ്പള്ളി കടമപ്പുഴ ഫാറ്റിമ. മക്കള്‍: ആന്‍ ട്രീസ അല്‍ഫോന്‍സ് (യുകെ), റോസ്‌മേരി അന്റണി (സൗത്ത് ഇന്ത്യന്‍ ബാങ്ക്, കൊച്ചി), ലിസ് മരിയ സാബു (എച്ച്ഡിഎഫ്‌സി, തൃശൂര്‍). മരുമക്കള്‍: പ്രവീണ്‍ അല്‍ഫോന്‍സ് ജോണ്‍ പിട്ടാപ്പള്ളി, ആന്റണി ജോസ് കോണിക്കര.
കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളുടെയും പ്രതിമ തീര്‍ത്തത് സാബുവാണ്. കോട്ടയം നഗരത്തിലെ പി.ടി.ചാക്കോ, ബെഞ്ചമിന്‍ ബെയ്ലി, തിരുവനന്തപുരം നഗരത്തിലെ സി.കേശവന്‍, അക്കാമ്മ ചെറിയാന്‍, മുവാറ്റുപുഴയിലെ കെ.എം.ജോര്‍ജ് തുടങ്ങിയ പ്രതിമകള്‍ സാബുവിന്റെ സൃഷ്ടികളാണ്. വിശുദ്ധ അല്‍ഫോന്‍സാമ്മ, വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍, കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍, കോട്ടയ്ക്കന്‍ ആര്യവൈദ്യശാല വൈദ്യരത്‌നം പി.എസ്.വാര്യര്‍, ചലച്ചിത്ര സംവിധായകന്‍ കുഞ്ചാക്കോ, കോട്ടയം രൂപത മുന്‍ ബിഷപ് മാര്‍ തോമസ് തറയില്‍, കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂളിലെ ഈശോസഭ സ്ഥാപകന്‍ വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള തുടങ്ങിയ പ്രതിമകളും തീര്‍ത്തത് സാബു ജോസഫാണ്.
കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂള്‍, തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ്, മദ്രാസ് കോളജ് ഓഫ് ആര്‍ട്ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ശില്‍പകലയില്‍ മദ്രാസ് കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്‌സില്‍നിന്ന് അഞ്ച് വര്‍ഷത്തെ ഡിപ്ലോമ ആന്‍ഡ് പോസ്റ്റ് ഡിപ്ലോമ കോഴ്‌സ് പഠനമികവിന്റെ ആനുകൂല്യത്തില്‍ നാലു വര്‍ഷം കൊണ്ട് സാബു പൂര്‍ത്തിയാക്കിയിരുന്നു. കോഴ്‌സ് ഒന്നാം ക്ലാസില്‍ ഒന്നാം റാങ്കോടെയാണ് പാസ്സായത്. ചിത്രകാരനായ കെ.സി.എസ്. പണിക്കര്‍, പ്രശസ്ത ശില്‍പകലാകാരന്‍ ധനപാലന്‍ എന്നിവരുടെ ശിക്ഷണത്തിലാണ് ശില്‍പകല പഠനം പൂര്‍ത്തിയാക്കിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
