/kalakaumudi/media/media_files/2024/12/03/U39hUcOYmrWUeC8iLTlM.jpg)
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസില്‍ അന്വേഷണം അവസാനഘട്ടത്തിലെന്ന് എസ്എഫ്‌ഐഒ. ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. രണ്ടാഴ്ചക്കകം കേസിലെ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. സ്വതന്ത്ര അന്വേഷണമാണു നടത്തുന്നതെന്നും ആദായ നികുതി സെറ്റില്‍മെന്റ് കമ്മീഷന്റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ല അന്വേഷണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
തങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണോ എന്നതില്‍ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടത്. അന്വേഷണത്തിന്റെ ഭാഗമായി വീണാ വിജയന്‍ അടക്കം 20 പേരുടെ മൊഴി എടുത്തു. ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്തയുടെയും മൊഴി എടുത്തു. സിഎംആര്‍ എല്ലിന്റെ ഹര്‍ജി തള്ളണമെന്നും എസ്എഫ്‌ഐഒ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയതാണെന്നും, മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്ലിന്റെ ഹര്‍ജി. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകള്‍ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് .