റീ സര്‍വെ സാധ്യമാക്കിയത് ഡിജിറ്റല്‍ വേലി : മന്ത്രി കെ രാജന്‍

1966 മുതല്‍ സംസ്ഥാനത്ത് കോല്‍ക്കണക്കായും ചെയ്യിന്‍ സര്‍വെയിലൂടെയും 961 വില്ലേജുകളില്‍ മാത്രമാണ് ഭൂവളവ് പൂര്‍ത്തിയാക്കിയിരുന്നത്. ഡിജിറ്റല്‍ റീ സര്‍വെ എന്ന ആശയം മുന്‍ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും സര്‍വെ വിഭാഗം ആലോചനകള്‍ നടത്തി

author-image
Prana
New Update
Digital crop survey on cards to fine-tune farm statistics
Listen to this article
0.75x 1x 1.5x
00:00 / 00:00

സംസ്ഥാനത്ത് 200 വില്ലേജുകളില്‍  ഡിജിറ്റല്‍ റീസര്‍വെ പൂര്‍ത്തിയാക്കി 9(2) വിജ്ഞാപനം പുറപ്പെടുവിച്ചു. സര്‍വെ വിഭാഗം ജീവനക്കാരുടെ വിയര്‍പ്പിന്റെ നേട്ടമാണിതെന്ന് സര്‍വെ ഡയറക്ടറേറ്റിലെത്തിയ റവന്യു മന്ത്രി പറഞ്ഞു.  ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കൊപ്പം കേക്ക് മുറിച്ച് മന്ത്രി സന്തോഷം പങ്കിട്ടു.

1966 മുതല്‍ സംസ്ഥാനത്ത് കോല്‍ക്കണക്കായും ചെയ്യിന്‍ സര്‍വെയിലൂടെയും 961 വില്ലേജുകളില്‍ മാത്രമാണ് ഭൂവളവ് പൂര്‍ത്തിയാക്കിയിരുന്നത്. ഡിജിറ്റല്‍ റീ സര്‍വെ എന്ന ആശയം മുന്‍ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും സര്‍വെ വിഭാഗം ജീവനക്കാരുമായും പല തലത്തില്‍ ആലോചനകള്‍ നടത്തി. എല്ലാവരും ആശങ്കയാണ് പങ്കുവച്ചത്. ആവശ്യമായ ഫണ്ടിന്റെ ലഭ്യതയെക്കുറിച്ച് എംഎല്‍എമാരും സംശയം പ്രകടിപ്പിച്ചു.

പഴയ സര്‍വെ നടന്ന സ്ഥലങ്ങളിലടക്കം ഡിജിറ്റലായി റീസര്‍വെ പൂര്‍ത്തിയാക്കുക എന്നത് ജനങ്ങളിലും സംശയങ്ങളുണ്ടാക്കി. എല്ലാം റവന്യു വകുപ്പ് ഗൗരവത്തോടെയാണ് പരിശോധിച്ചത്. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിന് ഗ്രാമസഭ മാതൃകയില്‍ സര്‍വെ സഭകള്‍ വിളിച്ചുചേര്‍ത്തു. ജീവനക്കാരുടെ ആശങ്കകളും പരിഹരിച്ചാണ് മുന്നോട്ട് പോയത്.

2022 നവംബര്‍ ഒന്നിന് ഡിജിറ്റല്‍ റീസര്‍വെ ആരംഭിക്കുമ്പോള്‍ ഇന്നുള്ള പോലെ കൂടുതല്‍ സാങ്കേതിക ഉപകരണങ്ങള്‍ ലഭ്യമായിരുന്നില്ല. ഇന്ന് എല്ലാ സംവിധാനങ്ങളോടെ നാല് ലക്ഷം ഹെക്ടര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി, ആര്‍ക്കും പിഴുതുമാറ്റാനാവാത്ത, അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കിടവരുത്താത്ത ഡിജിറ്റല്‍ വേലികള്‍ തീര്‍ക്കുകയാണ് റവന്യു വകുപ്പ് ചെയ്തിരിക്കുന്നതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.

2024 കഴിയുന്നതോടെ ഡിജിറ്റല്‍ റീസര്‍വെയുടെ രണ്ടാം ഘട്ടം പൂര്‍ണമായും പൂര്‍ത്തീകരിക്കാനാവും. ഒരു പരിധിവരെ മൂന്നാംഘട്ടത്തിന്റെ പൂര്‍ത്തീകരണവും പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. 200 വില്ലേജുകളില്‍ കൂടി 9(2) വിജ്ഞാപനം പുറപ്പെടുവിക്കാനായതിന്റെ ആഘോഷത്തില്‍ റവന്യു-ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഡോ.എ കൗശിഗന്‍, ഡപ്യൂട്ടി കമ്മിഷണര്‍ എ ഗീത, സര്‍വെ ഡയറക്ടര്‍ സീറാം സാംബശിവ റാവു, എന്‍. ഐ സി സീനിയര്‍ ടെക്നിക്കല്‍ ഡയറക്ടര്‍ ഒ കെ മനോജ് എന്നിവരും പങ്കെടുത്തു.

 

survey report