വിരമിച്ച ഹൈക്കോടതി ജഡ്ജിയില്‍ നിന്നും ഓണ്‍ലൈനായി 90 ലക്ഷം തട്ടിയ പ്രതികള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ മിര്‍ഷാദ്, മുഹമ്മദ് ഷര്‍ജില്‍ എന്നീ പ്രതികള്‍ തൃപ്പൂണിത്തുറ ഏരൂര്‍ അമൃത ലെയ്ന്‍ സ്വപ്‌നത്തില്‍ ശശിധരന്‍ നമ്പ്യാരുടെ പക്കല്‍ നിന്നാണ് ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി 850 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. 2024 ഡിസംബര്‍ 4-നും 30-നും ഇടയ്ക്ക് ജഡ്ജിയുടെ പല അക്കൗണ്ടുകളില്‍ നിന്ന് 90 ലക്ഷം രൂപ കൈക്കലാക്കിയത്. എന്നാല്‍ ലാഭവിഹിതമോ, നല്‍കിയ പണമോ തിരികെ ലഭിച്ചില്ല. തുടര്‍ന്നാണ് തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് സ്‌റ്റേഷനില്‍ ഈ മാസം പരാതി നല്‍കിയത്. സൈബര്‍ പോലീസാണ് അന്വേഷണം നടത്തിയത്.
ആദിത്യ ബിര്‍ള ഇക്വിറ്റി ലേണിങ് എന്ന പേരിലുള്ള വാട്ട്‌സപ്പ് ഗ്രൂപ്പില്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയെ ചേര്‍ത്തിരുന്നു. ഇതിലൂടെയാണ് പണം തട്ടിപ്പ് നടന്നത്. ചൈന, കംബോഡിയ എന്നിവിടങ്ങളിലെ തട്ടിപ്പു സംഘങ്ങളുമായി പ്രതികള്‍ക്കു ബന്ധമുണ്ടെന്നാണ് പറയുന്നത്. ഇവരില്‍ നിന്ന് പ്രതിഫലമായി മുപ്പതു ലക്ഷത്തോളം രൂപ ഇവര്‍ക്കു കിട്ടിയതായി പോലീസ് പറഞ്ഞത്. ഇനിയും പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്.