/kalakaumudi/media/media_files/2024/12/10/mbDq9DfI2xHpGsk6pAfJ.jpg)
കൊച്ചി: ചെങ്ങറ സമരക്കാരായ ഭൂരഹിതർക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഭൂമി നൽകാൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ മേൽനോട്ടം നേരിട്ട് വഹിക്കാനും മാസം തോറും പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും റവന്യൂ സെക്രട്ടറിയെ ഹൈക്കോടതി ചുമതലപ്പെടുത്തി.
ഭൂരഹിതരായ ആദിവാസികൾക്കും ദളിത് വിഭാഗങ്ങൾക്കും ഭൂമി നൽകാൻ 2010 ൽ സർക്കാർ ഉത്തരവിട്ടിട്ടും നടപടികളിൽ പുരോഗതിയില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എസ്. മനുവിന്റെ ഇടക്കാല ഉത്തരവ്. പദ്ധതി ഫലപ്രദമായി നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി നൽകിയ ഒരു കൂട്ടം ഹർജികളിലാണിത്.
2010 മുതൽ ചെങ്ങറ പദ്ധതിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണനയിലുള്ളതായി കോടതി ചൂണ്ടിക്കാട്ടി. സർക്കാരും ഒട്ടേറെ സത്യവാങ്മൂലങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എന്നിട്ടും നടപടികളിൽ പുരോഗതിയില്ല. അനുവദിച്ച ഭൂമി ഉപയോഗയോഗ്യമല്ലെന്ന ഹർജികളും പരിഗണനയിലുണ്ട്.
സർക്കാർ പ്രഖ്യാപിക്കുകയും ഉത്തരവിടുകയും ചെയ്ത പദ്ധതി നടപ്പാക്കിക്കിട്ടാൻ, പാർശ്വവത്കരിക്കപ്പെട്ടവരാണ് കോടതിയെ സമീപിച്ചിട്ടുള്ളതെന്ന് മനസിലാക്കണം. ഇനിയും വൈകാതെ പ്രശ്നം പരിഹരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ആത്മാർത്ഥ ശ്രമമുണ്ടാവണം.
പദ്ധതി നടപ്പാക്കാൻ സംസ്ഥാന തലത്തിൽ ലാൻഡ് റവന്യൂ കമ്മിഷണർ ചെയർമാനായും, ഏകോപനത്തിനായി ജില്ലാതലത്തിലും സമിതികൾ രൂപീകരിച്ചിട്ടും ഉദ്ദേശിച്ച ഫലമുണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് റവന്യൂ സെക്രട്ടറിയുടെ നിരന്തര മേൽനോട്ടം ആവശ്യമുണ്ടെന്ന് വിലയിരുത്തിയത്. സെപ്തംബർ മുതൽ എല്ലാ മാസവും ആദ്യ ആഴ്ച പുരോഗതി റിപ്പോർട്ട് സമർപ്പിക്കണം. തുടർന്നുള്ള ഉത്തരവുകൾ ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും. ഹർജി വീണ്ടും സെപ്തംബർ 10ന് പരിഗണിക്കാൻ മാറ്റി.