/kalakaumudi/media/media_files/2025/11/07/whatsapp-image-20-2025-11-07-19-14-33.jpeg)
കൊച്ചി : തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ. ആർ) നടപടികൾ ജില്ലയിൽ മികച്ച രീതിയിൽ പുരോഗമിക്കുന്നു എന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക വർത്താ സമ്മേളനത്തിൽ അറിയിച്ചു. എന്യൂമറേഷൻ ഫോം വിതരണം ആരംഭിച്ച് നാലാം ദിവസമായ ഇന്ന് വൈകിട്ട് 4 വരെ ജില്ലയിൽ ആകെ 3,21,229 എന്യൂമറേഷൻ ഫോമുകളാണ് വിതരണം ചെയ്തത്. ഏറ്റവും കൂടുതൽ ഫോമുകൾ വിതരണം ചെയ്തത് കുന്നത്തുനാട് താലൂക്കിലാണ്- 32,556 ഫോമുകൾ.
ജില്ലയിലെ മുഴുവൻ വോട്ടർമാർക്കും ബൂത്ത് ലെവൽ ഓഫിസർ (ബി.എൽ.ഒ) വഴി എന്യൂമറേഷൻ ഫോം എത്തിക്കും. ആകെ 2,325 ബി.എൽ.ഒമാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. വളരെ സുതാര്യവും ആയാസരഹിതവുമായ നടപടിയാണ് വോട്ടർപട്ടിക പരിഷ്കരണം. ജനങ്ങൾ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല.
ഡിസംബർ നാല് വരെ നീളുന്ന പരിഷ്കരണ നടപടികളിൽ ആദ്യഘട്ടത്തിൽ എന്യൂമറേഷൻ ഫോം വിതരണത്തിനാണ് ഊന്നൽ നൽകുന്നത്. തുടർന്നുള്ള ഘട്ടങ്ങളിലാണ് പൂരിപ്പിച്ച ഫോം തിരികെ വാങ്ങുക. എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതോടൊപ്പം തന്നെ ഫോം പൂരിപ്പിച്ച് തിരികെ വാങ്ങും.
ബി.എൽ.ഒമാർ എത്തുമ്പോൾ വീട്ടിൽ ആരും ഇല്ലാത്ത സാഹചര്യങ്ങളുണ്ടായാലും ആശങ്കപ്പെടേണ്ടതില്ല. ആളില്ല എങ്കിൽ അത്തരം വീടുകളിൽ മൂന്ന് തവണ ബി.എൽ.ഒമാർ എത്തും. തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളോട് എല്ലാ ജനങ്ങളും സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു
റസിഡന്റ്സ് അസോസിയേഷനുകളുടെയും ഫ്ലാറ്റ് അസോസിയേഷനുകളുടെയും പ്രത്യേക സഹകരണം ആവശ്യമാണ്. രണ്ടാം ശനിയും ഞായറാഴ്ചയും ആയ നാളെയും മറ്റന്നാളും ജില്ലാ ഭരണകൂടവും ബി.എൽ.ഒമാർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പരമാവധി പേരിലേക്ക് ഫോം എത്തിക്കാൻ രംഗത്ത് ഉണ്ടാകും. അവധി ദിനങ്ങൾ ആയതിനാൽ ആളുകൾ വീടുകളിൽ ഉണ്ടാകുമെന്നത് പരിഗണിച്ചാണ് നടപടിയെന്നും കളക്ടർ പറഞ്ഞു.
കളക്ടറേറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
