ചികിത്സ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചുമാറ്റി ;വിനോദിനിക്ക് വീട് നിർമ്മിക്കാനുള്ള ഭൂമിയുടെ ആധാരം കൈമാറി വിഡി സതീശന്‍

കുടുംബത്തിന് സ്ഥലവും വീടും വാങ്ങാനുള്ള സഹായം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.2025 സെപ്റ്റംബറിലാണ് പല്ലശ്ശന സ്വദേശിനി ഒമ്പതു വയസ്സുകാരി വിനോദിനിക്ക് വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ വീണ് പരിക്കേറ്റത്

author-image
Devina
New Update
vinodhiniiiii

പാലക്കാട്: ചികിത്സ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചുമാറ്റപ്പെട്ട ഒമ്പതുവയസുകാരി വിനോദിനിക്ക് വി ഡി സതീശൻ വാഗ്ദാനം ചെയ്ത വീട് നിർമ്മിക്കാനുള്ള ഭൂമിയുടെ ആധാരം നൽകി. കോൺഗ്രസ് അനുഭാവമുള്ള പഞ്ചായത്ത് സെക്രട്ടറിമാരുടെ സംഘടനയാണ് ഭൂമി നൽകുന്നത്.

കേരള സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭൂമി വാങ്ങി നൽകുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നാണ് വിനോദിനിയുടെ വലത് കൈ മുറിച്ച് മാറ്റേണ്ടി വന്നത്.കഴിഞ്ഞ മാസം വിനോദിനിക്ക് കൃത്രിമ കൈ നൽകിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് വിനോദിനിക്ക് കൃത്രിമ കൈ വെച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കുട്ടിക്ക് കൃത്രിമ കൈ വെക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം നൽകിയത്.

കുടുംബത്തിന് സ്ഥലവും വീടും വാങ്ങാനുള്ള സഹായം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.2025 സെപ്റ്റംബറിലാണ് പല്ലശ്ശന സ്വദേശിനി ഒമ്പതു വയസ്സുകാരി വിനോദിനിക്ക് വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ വീണ് പരിക്കേറ്റത്. വലതുകൈയുടെ എല്ല് പൊട്ടി. പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്ലാസ്റ്ററിട്ട് മടക്കിയയച്ചു. മുറിവ് വൃത്തിയാക്കാതെ പ്ലാസ്റ്ററിട്ടതിനാൽ പഴുപ്പ് കയറി അണുബാധയുണ്ടായി. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് കൈ മുട്ടിനു താഴെ മുറിച്ചുമാറ്റുകയായിരുന്നു.