/kalakaumudi/media/media_files/2025/05/17/6V40MAVGcX6CZ0tV0GOD.webp)
തിരുവനന്തപുരം: റോഡുകൾ എന്നതിനപ്പുറം സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന, വികസനം വളർത്തുന്ന, കൂടുതൽ ഊർജ്ജസ്വലമായ ഭാവിയിലേക്ക് വഴിയൊരുക്കുന്ന ജീവരേഖകളെന്ന നിലയിലാണ് സംസ്ഥാന സർക്കാർ പുതിയ കാലത്ത് റോഡ് നിർമാണം പൂർത്തിയാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ 14 ജില്ലകളിലായി പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കിയ വിവിധ റോഡുകളുടെയും തിരുവനന്തപുരം നഗരത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് പൂർത്തീകരിച്ച 12 സ്മാർട്ട് റോഡുകളുടെയും ഉദ്ഘാടനം തിരുവനന്തപുരം മാനവീയം വീഥിയിൽ ശിവൻകുട്ടി നിർവഹിച്ചു.
14 ജില്ലകളിലായി, പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 50-ലധികം റോഡുകൾ പരിവർത്തനം ചെയ്യപ്പെട്ടട്ടതായി മന്ത്രി പറഞ്ഞു. ദശലക്ഷക്കണക്കിന് കേരളീയർക്ക് സുഗമമായ യാത്ര, മെച്ചപ്പെട്ട സുരക്ഷ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതായും തിരുവനന്തപുരം നഗരത്തിൽ, സാങ്കേതികവിദ്യ, സുസ്ഥിരത എന്നിവ സംയോജിപ്പിച്ച് 12 സ്മാർട്ട് റോഡുകൾ പൂർത്തിയാക്കിയതായും മന്ത്രി അവകാശപ്പെട്ടു.
മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ പാത 66, തിരുവനന്തപുരത്തെ സ്മാർട്ട് റോഡുകൾ, അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ, കുതിരാൻ തുരങ്കം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ചുവർഷത്തിൽ വരാൻ സാധ്യതയുള്ള പുതിയ കെട്ടിടങ്ങൾക്ക് കണക്ഷൻ നൽകാനുള്ള സാധ്യതകൾ കൂടി പരിഗണിച്ചാണ് റോഡ് നിർമാണം പൂർത്തികരിച്ചതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. "സ്മാർട്ട് റോഡുകളിൽ വഴി വിളക്കുകൾ, ടൈലുകൾ പാകിയ നടപ്പാതകൾ, പുതിയ ഓടകൾ, അണ്ടർ ഗ്രൗണ്ട് ഡക്ട് വഴി ഇലക്ട്രിക് കേബിളുകൾ, പുനർനിർമിച്ച സ്വീവറേജ് പൈപ്പുകൾ, സൈക്കിൾ ട്രാക്ക് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുടിവെള്ളത്തിനോ സ്വീവേജ് ലൈനിനോ വേണ്ടി നിരന്തരം റോഡ് വെട്ടിപ്പൊളിക്കില്ല. ഇവയെല്ലാം പ്രത്യേകം സ്ഥാപിക്കുന്ന ഡക്ടുകളിലൂടെയാകും കടന്നുപോവുക. റോഡ് വെട്ടിപ്പൊളിക്കാതെ അറ്റകുറ്റപ്പണി ചെയ്യാനായി പ്രത്യേക ചേംബറുകളും നിർമ്മിച്ചിട്ടുണ്ട്. ബി എം ബി സി നിലവാരത്തിലേക്ക് മുഴുവൻ റോഡുകളെയും ഉയർത്താനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്ന" എന്നാണ് മന്ത്രി റിയാസ് പറഞ്ഞത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, എം എൽ എ മാരായ ആന്റണി രാജു, വി കെ പ്രശാന്ത്, വി ജോയ്, വാർഡ് കൗൺസിലർ രാഖി രവി കുമാർ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു, ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
