കൊച്ചി: കേരളത്തിൽ പാത ഇരട്ടിപ്പിക്കൽ അവശേഷിക്കുന്ന എറണാകുളം - അമ്പലപ്പുഴ തീരദേശപാതയുടെ നിർമ്മാണം വേഗത്തിലാക്കുമെന്ന് റെയിൽവേ. എറണാകുളം - കുമ്പളം - തുറവൂർ റൂട്ടിൽ 23 കിലോമീറ്റർ ഭൂമിയേറ്റെടുക്കൽ നവംബർ അവസാനത്തോടെ പൂർത്തീകരിക്കുമെന്നും കൊച്ചിയിൽ നടന്ന പാർലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) യുടെ പ്രഥമ യോഗത്തിൽ റെയിൽവേ ഉറപ്പുനൽകി.
യാത്രക്ളേശം പരിഹരിക്കാൻ അടിയന്തര നടപടിവേണമെന്നും മെമു ട്രെയിനുകളിൽ ഉൾപ്പെടെ കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്നും പി.എ.സി ആവശ്യപ്പെട്ടു. കൂടുതൽ കോച്ചുകൾ ലഭ്യമാക്കാൻ റെയിൽവേ ബോർഡിനോട് ആവശ്യപ്പെടാനും നിർദ്ദേശിച്ചു.
മുദ്രാലോൺ അർഹരായവർക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ബാങ്കുകളോട് സമിതി ആവശ്യപ്പെട്ടു. റെയിൽവേ, പരിസ്ഥിതി, പ്രതിരോധം, ധനകാര്യം, ഉപരിതല ഗതാഗതം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടന്നത്.
ചെയർമാൻ കെ.സി. വേണുഗോപാൽ, എം.പിമാരായ ജഗദാംബിക പാൽ, ഡോ. അമർ സിംഗ്, ബാലഷോരി വല്ലഭനേനി, ഡോ.സി.എം. രമേഷ്, ശക്തിസിൻഹ് ഗോഹിൽ, സൗഗതാറോയ്, തിരുച്ചിശിവ, ജയ്പ്രകാശ്, അപരാജിത സാരംഗി എന്നിവർ പങ്കെടുത്തു.
കടം എഴുതിത്തള്ളണം
വയനാട് ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ 15 ദിവസത്തിനകം അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി.എ.സി നിർദ്ദേശിച്ചു. മത്സ്യത്തൊഴിലാളികൾക്കുള്ള വായ്പ നിഷേധിക്കാനോ കാലതാമസം വരുത്താനോ പാടില്ല.
കേന്ദ്ര ധനകാര്യവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എം.ജി. ജയശ്രീ,എസ്.ബി.ഐ എം.ഡി അശ്വനി കുമാർ തിവാരി, കനറാ ബാങ്ക് എം.ഡി സത്യനാരായണ രാജു, ഇന്ത്യൻ ബാങ്ക് എം.ഡി എസ്.എൽ. ജയിൻ, അഡീ. ചീഫ് സെക്രട്ടറി ജയതിലക് എന്നിവർ പങ്കെടുത്തു.
അപ്രോച്ച് റോഡുകൾ
പൂർത്തിയാക്കണം
ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നൽകുന്ന എസ്റ്റിമേറ്റ് അനുസരിച്ച് എല്ലാ അപ്രോച്ച് റോഡുകളുടെയും പണി പൂർത്തിയാക്കണം
യാത്രാക്ലേശം പരിഹരിക്കാൻ സമാന്തരപാതകളുടെ നിർമ്മാണം പൂർത്തിയാക്കണം
ദേശീയപാത പുനർനിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കാലതാമസം പാടില്ല
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം