എഴുകുംവയൽ-തൂവൽ-പത്തുവളവ് റോഡ് അപകടാവസ്ഥയിലായ നിലയിൽ
നെടുങ്കണ്ടം: നിർമാണത്തിലെ പിഴവ് എഴുകുംവയൽ-തൂവൽ പത്തുവളവ് റോഡ് ഉദ്ഘാടത്തിനു മുൻപേ തകർന്നതായി പരാതി. ഈ പ്രദേശത്തെ നൂറുകണക്കിനാളുകൾ ആശ്രയിച്ചിരുന്ന റോഡ് നീണ്ട നാളത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ബിഎംബിസി നിലവാരത്തിൽ പുനർനിർമിച്ചത്. എംഎൽഎ ഫണ്ടിൽനിന്ന് 5 കോടിയിലധികം രൂപ മുടക്കിയായിരുന്നു നിർമാണം.
എന്നാൽ കനത്ത മഴ പെയ്തതോടെ റോഡ് തകർന്നു. നിർമാണത്തിലെ പിഴവുകളാണ് ഉദ്ഘാടനത്തിനു മുൻപേ റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ആവശ്യത്തിന് കലുങ്കുകളും കോൺക്രീറ്റ് ഓടകളും നിർമിക്കാതെയാണ് റോഡ് നിർമിച്ചതെന്നാണ് ആരോപണം. പൂർണമായും മലഞ്ചെരുവിലൂടെ നിർമിച്ച റോഡിൽ മഴവെള്ളം ഒഴുക്കിക്കളയുന്നതിനായി ആവശ്യത്തിന് കലുങ്കുകൾ നിർമിച്ചിട്ടില്ല.
റോഡിൻറെ വശങ്ങളിൽ കോൺക്രീറ്റ് ഓടകൾ നിർമിക്കാത്തതിനാൽ ശക്തമായ വെള്ളമൊഴുക്കിൽ വശങ്ങളിൽ നിന്നും മണ്ണൊലിച്ചു പോയിരിക്കുകയാണ്. റോഡിൽനിന്നു കുതിച്ചെത്തുന്ന വെള്ളവും മണ്ണും കൃഷിയിടങ്ങളിലേക്ക് ഇറങ്ങി നാശനഷ്ടമുണ്ടാകുന്നതിനും കാരണമായിട്ടുണ്ട്.