/kalakaumudi/media/media_files/2026/02/07/sabari-rail-2026-02-07-10-33-22.jpg)
തിരുവനന്തപുരം: അങ്കമാലി - എരുമേലി ശബരി റെയിൽ പദ്ധതിക്ക്1900 കോടി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. തുക പങ്കിടാമെന്ന മന്ത്രിസഭായോഗം തീരുമാനം അംഗീകരിച്ചാണ് സർക്കാർ ഉത്തരവ്. ഉത്തരവിന്റെ പകർപ്പ് ദക്ഷിണറെയിൽവേ ജനറൽ മാനേജർക്കും അയച്ചു. കേരളം നടപടികൾ ആരംഭിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ അറിയിക്കും. കഴിഞ്ഞ മന്ത്രിസഭായോഗമാണ് പണം നൽകാൻ തീരുമാനിച്ചത്.
പദ്ധതിക്കുള്ള ആകെ ചെലവ് 3,800.9 കോടിയാണ്. ഇതിൽ 1900.4 കോടിയാണ് സംസ്ഥാനം നൽകുന്നത്. റെയിൽപ്പാതയ്ക്കായി ഇനി ഏറ്റെടുക്കേണ്ട 391.6 ഹെക്ടർ ഭൂമിക്കായി 1361 കോടി രൂപ കിഫ്ബി വഴി അനുവദിച്ച് ഉടൻ ഉത്തരവിറങ്ങും.
ഭൂമിയുടെ നഷ്ടപരിഹാര തുകയടക്കം പദ്ധതി ചെലവിന്റെ പകുതി സംസ്ഥാന സർക്കാരാണ് നൽകുന്നത് . 416 ഹെക്ടറാണ് പദ്ധതിക്ക് വേണ്ടത്. 24.4 ഹെക്ടർ ഭൂമി ഏറ്റെടുത്തു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഭൂമി ഏറ്റെടുക്കുക. ഇതിന് സ്പെഷ്യൽ ഓഫീസറെ റവന്യൂ വകുപ്പ് നിയമിക്കും.
അങ്കമാലി മുതൽ എരുമേലി വരെയുള്ള 111 കിലോമീറ്റർ ശബരി റെയിൽ പദ്ധതിക്കായി സംസ്ഥാന സർക്കാർ 1900 കോടി രൂപ അനുവദിച്ചതോടെ മൂന്ന് പതിറ്റാണ്ടോളം ഭൂമി ഏറ്റെടുപ്പ് വിജ്ഞാപനത്തിൽ കുടുങ്ങി ദുരിതത്തിലായ ഭൂവുടമകൾക്കാണ് സർക്കാർ പ്രഖ്യാപനം ഏറെ ആശ്വാസം പകരുന്നത്.
ഭൂസൂചിക പദവി ലഭിച്ച വാഴക്കുളം പൈനാപ്പിൾ കൃഷി ചെയ്യുന്ന കർഷകർക്ക് ശബരി റെയിൽ വലിയ അനുഗ്രഹമാകും. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് റെയിൽവേ പദ്ധതിക്ക് വേണ്ടി പണം നൽകേണ്ടി വരുന്ന സാഹചര്യം ഒരു സംസ്ഥാന സർക്കാരിലേക്ക് എത്തുന്നത് എന്നതും ശബരി റെയിൽ പാതയെ ശ്രദ്ധേയമാക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
