വിഴിഞ്ഞത്തേക്ക് ശബരി പാത; സാധ്യതാപഠനത്തിന് സര്‍ക്കാര്‍

നിലവില്‍ എരുമേലിവരെയാണ് ശബരിപാതയുള്ളത്. ഇത് പത്തനംതിട്ട, പുനലൂര്‍ വഴി നെടുമങ്ങാടു കടന്ന് വിഴിഞ്ഞത്തേക്ക് എത്തിക്കുന്നതാണ് പദ്ധതി. പഠനം നടത്താനും പദ്ധതിരേഖ തയ്യാറാക്കാനുമുള്ള ചുമതല കെ-റെയിലിനെ ഏല്‍പ്പിക്കാനാണ് സാധ്യത

author-image
Biju
New Update
SABAARI RIL

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയില്‍ തിരുവനന്തപുരത്തേക്കു നീട്ടാനുള്ള സാധ്യത പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. എരുമേലിയില്‍നിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് റെയില്‍പ്പാത എത്തിക്കുന്നതിനുള്ള സാധ്യതാപഠനത്തിനാണ് രണ്ടുകോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയത്.

നിലവില്‍ എരുമേലിവരെയാണ് ശബരിപാതയുള്ളത്. ഇത് പത്തനംതിട്ട, പുനലൂര്‍ വഴി നെടുമങ്ങാടു കടന്ന് വിഴിഞ്ഞത്തേക്ക് എത്തിക്കുന്നതാണ് പദ്ധതി. പഠനം നടത്താനും പദ്ധതിരേഖ തയ്യാറാക്കാനുമുള്ള ചുമതല കെ-റെയിലിനെ ഏല്‍പ്പിക്കാനാണ് സാധ്യത. ഇതിനായാണ് മന്ത്രി െക.എന്‍. ബാലഗോപാല്‍ ബജറ്റില്‍ രണ്ടുകോടിരൂപ പ്രഖ്യാപിച്ചത്.

പദ്ധതി നടന്നാല്‍ റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂര്‍, അഞ്ചല്‍, കിളിമാനൂര്‍, വെഞ്ഞാറമൂട്, നെടുമങ്ങാട്, കാട്ടാക്കട, ബാലരാമപുരം വഴിയാകും വിഴിഞ്ഞം തുറമുഖത്തേക്ക് പുതിയ റെയില്‍പ്പാത നീളുക. വിഴിഞ്ഞം തുറമുഖത്തിന്റെ ഗുണഫലങ്ങള്‍ സംസ്ഥാനത്തിനാകെ ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിലുള്ള പാതയ്ക്ക് വിഴിഞ്ഞത്തുനിന്നുള്ള ചരക്കുഗതാഗതംകൂടി താങ്ങാന്‍ ശേഷിയുണ്ടാവില്ല എന്നതിനാലാണ് ശബരി റെയില്‍പ്പാതയുമായി ബന്ധിപ്പിക്കുന്ന പുതിയൊരു പാത എന്ന ആശയമുണ്ടായത്. പദ്ധതി നടപ്പായാല്‍ സംസ്ഥാനത്തെ ഗതാഗതസംവിധാനത്തിനു ശക്തമായ മുന്നേറ്റമാകും.

ശബരി റെയില്‍പ്പാത പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന വിഹിതമായി 1900 കോടി രൂപ കിഫ്ബിയില്‍നിന്നു ലഭ്യമാക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. തീവണ്ടിപ്പാതകളെ തുറമുഖങ്ങളിലേക്കു ബന്ധിപ്പിക്കാനുള്ള റെയില്‍സാഗര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ കേന്ദ്ര ഫണ്ടും ലഭിക്കും.

2021-ല്‍ കെ.ആര്‍.ഡി.സി.എല്‍. ബോര്‍ഡ് യോഗത്തില്‍ അങ്കമാലി-എരുമേലി ശബരി റെയില്‍വേ ലൈന്‍ പുനലൂര്‍ വഴിയും തിരുവനന്തപുരത്തേക്കും നീട്ടുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍.) തയ്യാറാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ അങ്കമാലി-എരുമേലി ലൈന്‍ യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ തിരുവനന്തപുരത്തേക്കുള്ള ലൈന്‍ നീട്ടുന്നതിനുള്ള സാധ്യത വീണ്ടും ചിറകുവെച്ചത്.

തുറമുഖത്തേക്ക് പാത നീട്ടിയാല്‍ അങ്കമാലി-മൂവാറ്റുപുഴ-എരുമേലി-പുനലൂര്‍-നെടുമങ്ങാട്-വിഴിഞ്ഞം ഗ്രീന്‍ഫീല്‍ഡ് റെയില്‍ ചരക്ക് ഇടനാഴി രൂപപ്പെടും. അതേസമയം ഈ പാത ചരക്കുഗതാഗതത്തിനു മാത്രം ഉപയോഗിക്കാതെ പാസഞ്ചര്‍ തീവണ്ടികളെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

നെടുമങ്ങാട് ഉള്‍പ്പെടെ സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള പ്ലാന്‍ നടപ്പാക്കണമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ജനകീയക്കൂട്ടായ്മ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്കു നിവേദനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.