ശബരിമല വിമാനത്താവളപദ്ധതി :സർക്കാരിന് ഉടമസ്ഥാവകാശമില്ലെന്ന് കോടതി

ഇപ്പോൾ അയന ചാരിറ്റബിൾ ട്രസ്റ്റ് കൈവശം വെച്ചിരിക്കുന്ന 2570 ഏക്കർ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതാണെന്നും ഇത് സർക്കാരിൽ നിഷിപ്തമാകുമെന്നും കാണിച്ച് കോട്ടയം കലക്ടറാണ് കോടതിയെ സമീപിച്ചത്

author-image
Devina
New Update
sabarimala airport

കോട്ടയം: നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിൽ സർക്കാരിന് ഉടമാവകാശമില്ലെന്ന് പാലാ സബ്‌കോടതി.

സർക്കാർ ഹർജി തള്ളിയ കോടതി ഭൂമിയുടെ ഉടമസ്ഥാവകാശം അയന ചാരിറ്റബിൾ ട്രസ്റ്റിനാണെന്നു വ്യക്തമാക്കി. 

ഇപ്പോൾ അയന ചാരിറ്റബിൾ ട്രസ്റ്റ് കൈവശം വെച്ചിരിക്കുന്ന 2570 ഏക്കർ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതാണെന്നും ഇത് സർക്കാരിൽ നിഷിപ്തമാകുമെന്നും കാണിച്ച് കോട്ടയം കലക്ടറാണ് കോടതിയെ സമീപിച്ചത്.

 ഇതിന്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.2018ൽ രാജമാണിക്യം കമ്മിറ്റി, ചെറുവള്ളി അടക്കമുള്ള എസ്റ്റേറ്റുകളുടെ പാട്ടക്കാലാവധി തീർന്നതാണെന്നും സർക്കാർ ഏറ്റെടുക്കണമെന്നും ശുപാർശ നൽകിയിരുന്നു. സർക്കാർ ഏറ്റെടുക്കൽ വിജ്ഞാപനവും നടത്തി.

 എന്നാൽ ഭൂമിയുടെ മുൻ ഉടമകളായ ഹാരിസൺ മലയാളം ഹൈക്കോടതിയെ സമീപിച്ചു. ഭൂമി ഏറ്റെടുക്കൽ കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കാൻ സിവിൽ കോടതിയെ സമീപിക്കാനാണ് നിർദേശിച്ചത്.

 പിന്നീട് സുപ്രീംകോടതിയും സമാനനിരീക്ഷണം നടത്തി. ഇതോടെയാണ് സർക്കാർ പാലാ കോടതിയിൽ ഹർജി നൽകിയത്.

2018ലെ ഹൈക്കോടതി വിധിയിൽത്തന്നെ ഭൂമി തങ്ങൾക്ക് അവകാശമുള്ളതാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ ഉണ്ടെന്നായിരുന്നു ഭൂ ഉടമകളായ അയന ട്രസ്റ്റിന്റെ വാദം. 

എന്നാൽ സിവിൽകേസിന് പോകാൻ കോടതി എന്തിന് നിർദേശിച്ചു എന്ന മറുചോദ്യം സർക്കാർ തിരികെ ചോദിച്ചു.

1865-ലെ പാട്ട വിളംബരപ്രകാരം ഭൂമിയിൽ തങ്ങൾക്ക് ഉടമാവകാശം ഉറപ്പിക്കാം എന്ന് അയന വാദിച്ചു. 

എന്നാൽ വിളംബരത്തിന് പിന്നീടുള്ള ഇടപാടുകളിൽ സാധുത ഇല്ലെന്നായിരുന്നു സർക്കാർ വാദം.

 ഭൂമി സർക്കാരിന്റേതല്ലെന്ന കോടതി വിധി വന്നതോടെ വിമാനത്താവളത്തിനായി ഉടമകൾക്ക് പണം നൽകിയേ ഭൂമി എടുക്കാനാവൂ.