അയ്യപ്പസംഗമം: ഊരാലുങ്കലിന് ലക്ഷങ്ങള്‍, മുഖ്യമന്ത്രിയുടെ ഒരുദിവസത്തെ താമസത്തിന് രണ്ടുലക്ഷം

ഒരു രാത്രി താമസിക്കാന്‍ വേണ്ടി രണ്ടു ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. 1,11,365 രൂപയാണ് കട്ടിലിനും ബെഡിനും ചെലവായത്. ഇടനാഴിയില്‍ 15,930 രൂപയുടെ ചുവന്ന പരവതാനിയും വിരിച്ചു.

author-image
Biju
New Update
ayyappa

പത്തനംതിട്ട: കഴിഞ്ഞ സെപ്റ്റംബര്‍ 20-ന് പമ്പയില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തില്‍ മുഖ്യമന്ത്രിയുടെ താമസത്തിന് മാത്രം ചെലവായ തുക രണ്ടുലക്ഷം രൂപയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. പരിപാടി അവതരിപ്പിക്കാത്ത നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ എട്ടു ലക്ഷത്തിന്റെ ബില്ല് രേഖയില്‍ കാണിച്ചത് അടക്കമുള്ള തിരിമറികളുടെ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ വിവരങ്ങളും പുറത്തെത്തുന്നത്.

ഉദ്ഘാടനച്ചടങ്ങിന്റെ തലേദിവസം മുഖ്യമന്ത്രി പമ്പയില്‍ എത്തിയിരുന്നു. മരാമത്ത് സമുച്ചയത്തിലായിരുന്നു മുഖ്യമന്ത്രിക്ക് താമസം ഒരുക്കിയത്. ഒരു രാത്രി താമസിക്കാന്‍ വേണ്ടി രണ്ടു ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. 1,11,365 രൂപയാണ് കട്ടിലിനും ബെഡിനും ചെലവായത്. ഇടനാഴിയില്‍ 15,930 രൂപയുടെ ചുവന്ന പരവതാനിയും വിരിച്ചു. കോര്‍ണര്‍ സോഫയും ടീ പോയും കൂടി 65000 രൂപയോളം ചെലവഴിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിഥികള്‍ക്ക് മുറിയൊരുക്കിയത് കുമരകത്തും മൂന്നാറിലും കോട്ടയത്തുമാണ്. ഇതിനായി സ്റ്റേറ്റ് പ്രോട്ടോക്കോളിന്റെ പേരില്‍ 37 ലക്ഷം രൂപയുടെ ബില്ല് ഉണ്ട്. ദേവസ്വം പ്രസിഡന്റിന്റെ പേരില്‍ മൂന്നാറില്‍ റിസോര്‍ട്ട് ബുക്ക് ചെയ്തതില്‍ 23,000 രൂപയുടേതാണ് ബില്ല്. അയ്യപ്പ സംഘമത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി അടക്കമുള്ള വിഐപികള്‍ക്ക് സ്റ്റേജിനോട് ചേര്‍ന്ന് ഉണ്ടായ വിഐപി ലോഞ്ചില്‍ ആ സമയത്ത് വിതരണം ചെയ്ത ലഘു ഭക്ഷണത്തിനായി 30,000 രൂപയാണ് കാണിച്ചിരിക്കുന്നത്.

ഊരാളുങ്കലിന്റെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സായിരുന്നു സംഗമത്തിന്റെ ഇവന്റ് മാനേജ്‌മെന്റ് നടത്തിയത്. ടെന്‍ഡറില്ലാതെ നല്‍കിയ കരാറില്‍, വേണ്ടിവന്നാല്‍ 10 ശതമാനം അധികത്തുക അനുവദിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. കമ്പനി നല്‍കിയ ബില്ലില്‍ കേരളാ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ് നല്‍കിയ ബില്ലിനേക്കാള്‍ ആറുലക്ഷം രൂപയാണ് കൂട്ടി രേഖപ്പെടുത്തിയിരിക്കുന്നത്.

വിവിധ ഇനങ്ങളിലാണ് ബില്ലുകളില്‍ തുക കൂട്ടിയത്. പ്രതിനിധിക്കുള്ള കിറ്റിനായി 73,40,000 രൂപയാണ്. കിറ്റുകള്‍ക്കും ഉപഹാരങ്ങള്‍ക്കുമായി മറ്റൊരു 24,17,581 രൂപയുടെ കണക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളാ പോലീസിന് 16.5 ലക്ഷം രൂപ ദേവസ്വം ബോര്‍ഡ് നല്‍കാനുണ്ട്. പരിപാടിയുമായി ബന്ധപ്പെട്ട് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങിയതിന്റെ ചിലവാണ് ഇത്. ഈ തുക ഇതുവരെ അനുവദിച്ചില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

നന്ദഗോവിന്ദം ഭജന്‍സിന്റെ പരിപാടിക്ക് 8 ലക്ഷത്തിന്റെ ബില്ലാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ പരിപാടി അവതരിപ്പിച്ചിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. ടാക്‌സി സംവിധാനത്തിനായി 10.57 ലക്ഷം രൂപ, ഡീസലിന് മാത്രം 7.44 ലക്ഷം രൂപ ചെലവായെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പത്ത് കോടിയോളം രൂപയാണ് ആഗോള അയ്യപ്പ സംഘമത്തിന് ചെലവായത്. ഇതില്‍ 4.35 കോടി രൂപ ഇനിയും കൊടുക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.