/kalakaumudi/media/media_files/2025/08/30/sukumaran-nair-2025-08-30-19-45-24.jpg)
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ നിലപാട് വ്യക്തമാക്കി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ആഗോള അയ്യപ്പ സംഗമത്തിന് പരിപൂര്‍ണ്ണ പിന്തുണ അല്ലെന്നാണ് എന്‍എസ്എസിന്റെ വിശദീകരണം. ആചാരത്തിന് കോട്ടം ഇല്ലെങ്കില്‍ നല്ലത്.
സമിതി നേതൃത്വ രാഷ്ട്രീയ മുക്തമാകണമെന്ന നിര്‍ദേശവും എന്‍എസ്എസ് മുന്നോട്ട് വെച്ചു. ഉപാധികളോടെയാണ് പിന്തുണ എന്ന് അറിയിച്ച ജി സുകുമാരന്‍ നായര്‍ സമിതിയില്‍ അയ്യപ്പ ഭക്തര്‍ വേണമെന്നും നിര്‍ദ്ദേശിച്ചു. നിലവില്‍ മുഖ്യമന്ത്രിയാണ് മുഖ്യ രക്ഷാധികാരി. സമിതിയില്‍ മന്ത്രിമാരുമാണ് അംഗങ്ങള്‍.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചതില്‍ എന്‍എസ്എസിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ശബരിമല പ്രക്ഷോഭ കേസുകളുടെ പേരില്‍ കരയോഗാംഗങ്ങള്‍ക്കും മക്കള്‍ക്കും പാസ്‌പോര്‍ട്ട് പോലും എടുക്കാനായില്ലെന്ന് എന്‍എസ്എസ് ഓര്‍ക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
എന്‍എസ്എസ് പിന്തുണയ്ക്കുമ്പോള്‍ സംഗമം ഇലക്ഷന്‍ സ്റ്റണ്ടെന്ന് സംശയിക്കുയാണെന്നാണ് യോഗക്ഷേമ സഭ പ്രതികരിച്ചത്. അതേസമയം, എന്‍എസ്എസ് പിന്തുണ ഊര്‍ജ്ജവും പ്രോത്സാഹനവുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രതികരിച്ചു.
യുവതിപ്രവേശന വിധി നടപ്പാക്കാന്‍ ഇറങ്ങിയ സര്‍ക്കാരിനതിരെ നാമജപ ഘോഷയാത്രയും സമരവുമായി കൈകോര്‍ത്തവര്‍ ആഗോള അയ്യപ്പ സംഗമത്തില്‍ ഇരുവഴിയിലായി. ആചാരലംഘനത്തിനെതിരെ സംഘ പരിവാര്‍ സംഘടനകള്‍ക്ക് മുന്‌പെ തെരുവിലിറങ്ങിയ എന്‍എസ്എസിന് ഇപ്പോള്‍ സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കുന്നത്.
പഴയകാലം ചര്‍ച്ച ചെയ്യേണ്ടെന്ന് പറയുന്ന സംഘടന സംഗമം ശബരിമല വികസനത്തിനെന്ന് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും വാക്ക് ഏറ്റു പറയുന്നു. പഴയതെല്ലാം മാറ്റിവച്ച് ശബരിമലയില്‍ ഇടത് സര്‍ക്കാരിനെ എന്‍എസ്എസ് പിന്തുണയ്ക്കുന്നതിലെ കുഴപ്പം മണത്താണ് ബിജെപി വിമര്‍ശിക്കുന്നത്.
ബിജെപി എതിര്‍ക്കുമ്പോഴും സെപ്തംബര്‍ 20ന് നടക്കുന്ന അയ്യപ്പ സംഗമത്തിലേയ്ക്ക് കേന്ദ്രമന്ത്രിമാരെ അടക്കം ക്ഷണിച്ചു. ബിജെപി അടക്കം എല്ലാ പാര്‍ട്ടികളെയും ക്ഷണിക്കുമെന്നും പ്രതിപക്ഷ നേതാവിനെ നേരിട്ട പോയി വിളിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്താനാണ് സംഗമമെന്ന് ആരോപിച്ച വിഡി സതീശന്‍ സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.